ആര്യങ്കാവ്: തെന്മലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്നും നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. ഇതുമായി ബന്ധപ്പെട്ട് തെന്മല എസ്ബിഐ ശാഖയിലേക്ക് എഐവൈഎഫിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പുനലൂർ മണ്ഡലം പ്രസിഡന്റ് ഒറ്റക്കൽ ശരത്തിന്റെ അധ്യക്ഷതയിൽ സിപിഐ തെന്മല എൽസി സെക്രട്ടറി ആർ മോഹനൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സിപിഐ ലോക്കൽ കമ്മിറ്റി അംഗം തെന്മല ഗോപകുമാർ സംസാരിച്ചു. പണം നഷ്ടപ്പെട്ടവരുടെ കൃത്യമായ വിവരം ലഭിച്ച ശേഷം അന്വേഷണം പൂർത്തിയാക്കി നഷ്ടപ്പെട്ട പണം തിരികെ നൽകാമെന്ന ശാഖാ മാനേജരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് പാലിക്കാത്ത പക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
ഇത്തരത്തിൽ പണം നഷ്ടമായതായി കാട്ടി നാലോളം പേർ പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തെന്മല ശാഖ യിൽ നിന്നും സ്ഥലം മാറിപ്പോയ ജീവനക്കാരനെതിരെയാണ് ആരോപണം. ഇയാൾക്കെതിരെ തെന്മല ശാഖാ മാനേജർ തെന്മല പൊലീസിൽ പരാതി നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ ബാങ്കിൽ ഓഡിറ്റ് നടത്തുമെന്നും ബാങ്ക് മാനേജർ പറഞ്ഞു.
സാധാരണക്കാരായ ജനങ്ങൾ അധിവസിക്കുന്ന മേഖലയിലെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കാണിത്. ബാങ്കിൽ അക്കൗണ്ടുള്ള മുഴുവൻ ആളുകളും പാസ്ബുക്ക് പതിപ്പിക്കണമെന്ന് മാനേജർ നിർദ്ദേശിച്ചിട്ടുണ്ട്.