തൃശ്ശൂർ: പാലിയേക്കര ടോൾ നിരക്ക് വർധനവുമായി ബന്ധപ്പെട്ടുകൊണ്ട് എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹനങ്ങള്‍ക്ക് ഒരു ദിവസത്തെ ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. എല്ലാ വാഹനങ്ങള്‍ക്കും പത്ത് രൂപ മുതല്‍ നാല്പത് രൂപ വരെ മാസ നിരക്കുകളില്‍ വര്‍ധനയുണ്ട്.ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് മാസ നിരക്കില്‍ പതിനഞ്ച് രൂപ കൂട്ടി. ബസ്, ട്രക്ക് എന്നിവയ്ക്ക് പ്രതിമാസ വര്‍ധനവ് 25 രൂപയാണ്. ബഹുചക്ര ഭാരവാഹനങ്ങള്‍ക്ക് പ്രതിമാസം നാല്പത് രൂപയുടെ വര്‍ധനയുണ്ട്.
കരാർ ലംഘനത്തിന് കരാർ കമ്പനിക്ക് 2129 കോടി രൂപ എൻ.എച്ച്.എ.ഐ പിഴ ചുമത്തിയ സാഹചര്യത്തിലും കരാർ പ്രവൃത്തികളും, സേഫ്ടി ഓഡിറ്റിൽ നിർദ്ദേശിച്ച സുരക്ഷാ പ്രവൃത്തികളും ചെയ്തുതീർക്കാത്ത സാഹചര്യത്തിലും സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർദ്ധിപ്പിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെലവ് വന്ന 721 കോടി രൂപക്ക് രണ്ടിരട്ടിയായ 1450 കോടി പിരിച്ചിട്ടും കമ്പനി ജനങ്ങളെ കൊള്ളയടിക്കുന്നത് നോക്കി നിൽക്കുകയാണ് കേന്ദ്രസർക്കാരും ബന്ധപ്പെട്ട അധികാരികളും.
തൃശ്ശൂർ എംപി സുരേഷ് ഗോപിയും ടോൾ പ്ലാസക്കെതിരെ സമരം ചെയ്ത ബിജെപി യുവമോർച്ച പ്രവർത്തകരും ഇപ്പോൾ ടോൾ പ്ലാസക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്തത് ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ പാപ്പരത്തത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന ടോൾ പ്ലാസ ചുങ്ക പിരിവ് അവസാനിപ്പിച്ചു എത്രയും വേഗം ജനങ്ങക്ക് സൗജന്യ യാത്ര ഒരുക്കണം എന്ന് എ ഐ വൈ എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സഖാക്കൾ വി കെ വിനീഷ്, വി എൻ അനീഷ്, റബീഷ് വി ആർ, പി എസ് അഖിൽ എന്നിവർ സംസാരിച്ചു.