കൊച്ചി: നവമാധ്യമ കേന്ദ്രീകൃത കാലഘട്ടത്തിൽ യുവജനങ്ങളിൽ രാഷ്ട്രീയ അവബോധം വളർത്തുന്നതിനും ഇടത് വിരുദ്ധ ശക്തികളുടെ വ്യാജ പ്രചരണങ്ങളെ ചെറുക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് എഐവൈഎഫ് സംസ്ഥാനതല സമൂഹമാധ്യമ ശില്പശാല എറണാകുളത്ത് സംഘടിപ്പിച്ചു.
സി അച്യുതമേനോൻ ഹാളിൽ നടത്തിയ ശില്പശാല യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നുള്ള എഐവൈഎഫ് സമൂഹമാധ്യമ സെൽ അംഗങ്ങൾ ശില്പ ശാലയിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആമുഖ പ്രഭാഷണം നടത്തി. അഖിൽ സുരേഷ്, വിഷ്ണു എസ് വിജയൻ എന്നിവർ ക്ലാസുകൾ നയിച്ചു. ആദർശ് കൃഷ്ണ, ഡിവിൻ കെ ദിനകരൻ, രേഖ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു. എഐവൈഎഫ് ജില്ല സെക്രട്ടറി കെ ആർ റെനീഷ് സ്വാഗതവും പി കെ രാജേഷ് നന്ദിയും പറഞ്ഞു.