കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ ഐസിയുവിലെ നഴ്സ് മരിച്ചതിൽ ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് രശ്മി രാജ് (33) മരിച്ച സംഭവത്തിലാണ് എഐവൈഎഫ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയത്.
എഐവൈഎഫ് നടത്തിയ മാർച്ച് സിപിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയി ഉദ്ഘാടനം ചെയ്തു. സംക്രാന്തി പ്രദേശത്ത് അറുപതോളം ഹോട്ടലുകൾ ഇത്തരത്തിൽ കൃത്യമായ പരിശോധനകളില്ലാത്തെ നഗരസഭയുടെ ഒത്താശയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്ഘാടകൻ കുറ്റപ്പെടുത്തി. മുനിസിപ്പാലിറ്റിയുടെ ഭരണം കയ്യാളുന്ന കോൺഗ്രസ് നടത്തുന്ന സമരം പ്രഹസനമാണെന്നും 6 മാസം മുൻപ് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഹോട്ടൽ വീണ്ടും തുറക്കുവാൻ ഇടപെട്ടതും അനുമതി കൊടുത്തതും പ്രദേശത്തെ കോൺഗ്രസ് കൗൺസിലറും ചെയർപേഴ്സണും ചേർന്ന് ആണെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റനീഷ് കാരിമറ്റം ചൂണ്ടിക്കാട്ടി.
സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. ബിനു ബോസ്, ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി വി വൈ പ്രസാദ്, ജില്ലാ കൗൺസിലംഗം മിനി മനോജ്, രാജേഷ് കെ കെ, ദീപു തോമസ്, മുഹമ്മദ് നജീബ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജിജോ സ്കറിയ, ജയകുമാർ, അജിത ബിനിൽ, സന്തോഷ് കൃഷ്ണൻ, മനോജ് അയ്മനം, ലോക്കൽ സെക്രട്ടറി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.