വൈപ്പിൻ: മുനമ്പം വിഷയത്തിൽ സമവായത്തിലൂടെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ചെറായിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ്പരിവാർ നീക്കം ചെറുക്കപ്പെടേണ്ടതാണെന്ന് ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു. വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കു ന്ന ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും സംഘർഷം സൃഷ്ടിച്ചും സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള സംഘ്പരിവാർ നീക്കം ചെറുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ്കുമാർ, ഡിവിൻ കെ ദിനകരൻ, ആൽവിൻ സേവ്യർ, കെ ആർ പ്രതീഷ്, ഡയാസ്റ്റിസ് കോമത്ത്, രഞ്ജിത്ത് വി എസ്, കെ പി വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു.