പന്തളം: സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. എഐവൈഎഫ് പന്തളം മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് വരുംതലമുറ പഠിക്കേണ്ടതില്ലായെന്നും സംഘപരിവാർ നേതാക്കളുടെ ചരിത്രം മാത്രം പഠിച്ചാൽ മതിയെന്നുമുള്ള ബോധപൂർവ്വ ശ്രമത്തിൻ്റെ ഭാഗമായാണ് പാഠപുസ്തകങ്ങളിൽ നിന്നും വസ്തുതകളെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. ഇത് ഇന്ത്യയുടെ മതേതര-ജനാധിപത്യ ഭരണഘടന സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമമാണ്. ഇന്ത്യയെ ഒരു മത രാജ്യമാക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ. ഇതിനെതിരെ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളും യുവാക്കളും രംഗത്തിറങ്ങണമെന്നും ടി ടി ജിസ്മോൻ പറഞ്ഞു.
യോഗത്തിൽ എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് ഉമേഷ് വി ആർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി ബൈജു, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീനാദേവികഞ്ഞമ്മ, സിപിഐ മണ്ഡലം അസി സെക്രട്ടറി എസ് അജയകുമാർ, ഡോ. അജിത് ആർ പിള്ള, ശ്രീജുകുമാർ, അഡ്വ. വി സതീഷ് കുമാർ, പ്രദീപ് കുരമ്പാല, ശ്രീരാജ്, രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.