തിരുവനന്തപുരം: ദേശീയ യുവജന ദിനമായ ജനുവരി 12 ന് സ്വാമി വിവേകാനന്ദ സ്മൃതി സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാവും പരിപാടി സംഘടിപ്പിക്കുക. വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ന് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം എഐവൈഎഫിന്റെ നേതൃത്വത്തിൽ വിവേകനന്ദ സ്മൃതി സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു.
ഭാരത സംസ്കാരത്തിന്റെ മതേതരത്വ മൂല്യങ്ങൾ അപ്പാടെ തകർത്ത് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ബിജെപി ആർഎസ്എസ് സംഘപരിവാർ ശക്തികൾക്കെതിരെ വിവേകാനന്ദന്റെ ആശയങ്ങൾ ഉയർത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവേകാനന്ദ സ്മൃതി സംഘടിപ്പിക്കുന്നത്. ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും കർശനമായി എതിർത്ത ഒരു പരിഷ്കർത്താവായിരുന്നു വിവേകാനന്ദൻ. ‘പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്’ എന്ന വിവേകാനന്ദ വാക്കുകൾ വർത്തമാന ഇന്ത്യയുടെ അവസ്ഥവിളിച്ചോടുന്നതാണ്.