മലപ്പുറം: പരീക്ഷാ കേന്ദ്രങ്ങളിലും മറ്റും വിദ്യാർത്ഥികളുടെയും, യുവതികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെ അഴിപ്പിച്ച് നടത്തുന്ന ദേഹ പരിശോധനകൾ പ്രഹസനവും വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റവുമാണെന്ന് പൊന്നാനി മണ്ഡലം എഐവൈഎഫ് യുവതി സബ് കമ്മിറ്റി കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷ ഉൾപ്പെടെ നിരവധി മത്സര പരീക്ഷകളിലും,
ഇൻ്റർവ്യൂ സമയങ്ങളിലും ദേഹ പരിശോധനകളും മറ്റും വിദ്യാർത്ഥികളുടെയും, ഉദ്യോഗാർത്ഥികളുടെയും മനോവീര്യം തകർക്കുന്നതോടൊപ്പം, പരസ്യമായി അപമാനപ്പെടുത്തുന്നതിനും ഇടയാക്കുന്നുണ്ട്. ഇത്തരം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റങ്ങളെ നിയമം മൂലം നിരോധിക്കണമെന്നും, ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും എഐവൈഎഫ് പൊന്നാനി മണ്ഡലം യുവതി സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ എഐവൈഎഫ് യുവതി സബ് കമ്മിറ്റി ജില്ലാ കൺവീനർ ആര്യ ജയരാജ് ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ഷമീറ ഇളയേടത്ത്, പ്രഭിത പി, ഷാഫി മടയപ്പറമ്പിൽ, വിപീഷ് കല്ലുർമ, എം മാജിദ്, മുർഷിദുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
സുഹ്റ ഉസ്മാൻ സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന യുവതി സബ് കമ്മറ്റി അംഗം സഫീന നിഷാദ് അധ്യക്ഷയായ കൺവെൻഷൻ സ്വപ്ന കെ (നീതു) കൺവീനറായും, അമ്പിളി കെ, പ്രജില ശിവാനന്ദ് എന്നിവർ ജോയിൻ്റ് കൺവീനർമാരായും പതിനൊന്ന് അംഗ മണ്ഡലം യുവതി സബ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സ്വപ്ന കെ നന്ദിയും പറഞ്ഞു.