സിപിഐക്ക് എതിരെ അധിക്ഷേപ പരാമർശം നടത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനു മറുപടിയുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. സിപിഐയെ അളക്കുവാനുള്ള രാഷ്ട്രീയ വളര്‍ച്ച നിലവില്‍ മാത്യു കുഴല്‍നാടന് ഇല്ല, ഭാവിയില്‍ അതുണ്ടാകുമെന്ന് തോന്നുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയെ അധിക്ഷേപിച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്റെ പ്രസ്താവന രാഷ്ട്രീയ ബോധമോ ചരിത്ര ബോധമോ ഇല്ലാത്ത ഒരുവന്റെ ജല്‍പനമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളു.
സിപിഐ എന്ന പ്രസ്ഥാനം എന്താണെന്നും അതിന്റെ പ്രസക്തി എന്താണെന്നും ഇന്നാട്ടിലെ ജനങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. നേരിന്റെ നിലപാട് എല്ലാക്കാലത്തും ഉയര്‍ത്തിപിടിക്കുന്ന ഈ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം കേരളീയ പൊതുസമൂഹം പുച്ഛത്തോടുകൂടി തള്ളിക്കളയും.
സിപിഐ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ മൂല്യം എന്താണെന്ന് മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.
പൊതുരംഗത്തും രാഷ്ട്രീയപ്രവര്‍ത്തന രംഗത്തുമുള്ള പരിചയക്കുറവുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തി ആളാകേണ്ടിവരുന്നത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കിടന്നുപുളച്ചു നേതാവായ മാത്യു കുഴല്‍നാടന്‍ സിപിഐയെ വിലയിരുത്തുന്നതിന് വളര്‍ന്നിട്ടില്ല.
മാത്യു കുഴല്‍നാടന്റെ അല്‍പ്പത്തരം നിയന്ത്രിക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.