കേരള പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിലെ ക്രിമിനൽ വത്കരണത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും എറണാകുളത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്.
ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലർ പൊലീസ് തലപ്പത്ത് സ്വൈര്യ വിഹാരം നടത്തുകയാണെന്നും ക്രമ സമാധാന പാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവര ശേഖരണ സംവിധാനത്തെ പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും എഐവൈഎഫ് ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മന്ത്രിമാരുടേതടക്കം ഫോൺ കോളുകൾ ചോർത്തുന്നുവെന്നും എസ് പി സുജിത്ത് ദാസ് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് വിമാനത്താവളത്തിൽ സ്വർണ്ണം കടത്തുന്നുവെന്നുമുള്ള അൻവറിന്റെ ആരോപണവും ഞെട്ടിക്കുന്നതാണ്.
തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് ആർഎസ്എസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിന് എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നുവെന്ന് എഐവൈഎഫ് ആരോപിച്ചു. ആർഎസ്എസ് നേതാക്കളായ രാം മാധവുമായും ദത്താത്രേയ ഹൊസബളെയുമായും എഡിജിപി എം ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ചയും പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ പൊലീസ് നയത്തിന് വിരുദ്ധമായുള്ള സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സർക്കാരിന് കളങ്കമുണ്ടാക്കുന്നതാണ്. പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർദ്ധിക്കുകയും പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി പോലീസിനെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നില നിൽക്കുകയാണ്. നിയമ പാലനം നടത്തേണ്ടവർ തന്നെ ക്രിമിനലുകൾ ആകുന്ന സാഹചര്യം അത്യന്തം ആശങ്കാജനകമാണെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.
ഇടത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വിധത്തിലുള്ള നടപടികൾ ചില പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ആവർത്തിച്ചുണ്ടാകുന്നത് സർക്കാർ ജാഗ്രതയോടെ കാണണം. നിലവിൽ ആരോപണ വിധേയനായ എഡിജിപി എം ആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള സമഗ്രാന്വേഷണം സർക്കാർ പ്രഖ്യാപിക്കണം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജൂഡീഷ്യൽ കമ്മീഷനെ അടിയന്തിരമായി സർക്കാർ നിയമിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രമുഖ സംഘടനയാണെന്നും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമുള്ള സ്പീക്കറുടെ പരാമർശം തീർത്തും അനുചിതമായിപ്പോയിയെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. വി ഡി സതീശൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ എഡിജിപിയുടെ ആർഎസ്എസ് ബന്ധം ഉയർത്തിക്കാട്ടി നടത്തുന്ന പ്രചാരണങ്ങൾ തീർത്തും അപഹാസ്യമാണെന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
പി വി അൻവർ എംഎൽഎയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപിയെ മാറ്റി നിർത്തിക്കൊണ്ട് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു കൊണ്ടുള്ള സമഗ്രാന്വേഷണം അടക്കം ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നൽകി. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.