കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് കവാടത്തിൽ ഇന്ന് 4 മണിക്ക് പ്രതിഷേധ യോഗം സംഘടിപ്പിക്കും. പ്രതിഷേധ യോഗം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ യോഗം ഉദ്ഘാടനം ചെയ്യും. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണ്. കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളുമാണ് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്.
ശങ്കർ മോഹനെ സ്ഥാനത്തു നിന്ന് മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനും എഐവൈഎഫ് പരാതി നൽകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ഇന്ന് നടക്കുന്ന പ്രതിഷേധ യോഗത്തിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് , ശുഭേഷ് സുധാകരൻ, റെനീഷ് കാരിമറ്റം, പി ആർ ശരത് കുമാർ,നന്ദു ജോസഫ് , നിഖിൽ ബാബു തുടങ്ങിയവർ പങ്കെടുക്കും