മുക്കം: കോടികൾ മുടക്കി നടത്തുന്ന റോഡു പണികളിലെ അപാകതക പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ രംഗത്ത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനും അഗസ്ത്യൻ മുഴിക്കുമിടയിൽ ക്രിസ്ത്യൻ പള്ളിയുടെ പരിസരത്തെ ഡ്രെയിനേജ് നിർമ്മാണമാണ് അശാസ്ത്രീയത ആരോപിച്ച് ഇന്നലെ എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞത്.
കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ ഇവിടെ വെള്ളം കെട്ടി നിന്ന് അടുത്തുള്ളകടകളിലും പരിസരത്തെ വീടുകളിലും വെള്ളം കയറി വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രെയ്നേജ് വെള്ളം ഒഴുകാൻ പര്യാപ്തമല്ലാത്തതാണ് പ്രശ്നമെന്ന് സമരക്കാർ പറഞ്ഞു. ഇവിടെ മാത്രമല്ല ഓമശ്ശേരി മുതൽ എരഞ്ഞി മാവ് വരെയുള്ളറീച്ചിൽ ആകെ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അവർ പറയുന്നു.
റോഡിൻ്റെ അതിർത്തിയിൽ നിന്ന് മാറി ഡ്രെയിനേജ് നിർമ്മിക്കുക, ഡ്രെയിനേജും അതിനു മുകളിൽ വിരിക്കുന്ന സ്ലാബും ആവശ്യത്തിന് സിമന്റും കമ്പിയും ചേർക്കാതിരിക്കുക, ഡ്രെയ്നേജ് വളഞ്ഞു പുളഞ്ഞിരിക്കുക, സംരക്ഷണ ഭിത്തിയുടെ ഉറപ്പില്ലായ്മ തുടങ്ങി നിരവധി അപാകതകളാണ് സമരക്കാർ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പല തവണ പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നാണ് സമരക്കാരുടെ ആക്ഷേപം. ഡ്രെയിനേജിന് സമാന്തരമായി പിവിസി പൈപ്പിട്ട് വെള്ളം ഒഴുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും എഐവൈഎഫ് പ്രവർത്തകർ പറഞ്ഞു. മുക്കം പൊലീസ് സ്ഥലത്തെത്തുകയും ഇരു വിഭാഗവുമായി ചർച്ച നടത്തുകയും പിഡബ്ല്യുഡി, കെഎസ്ടിപി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 13 ന് 12 മണിക്ക് ചർച്ച നടത്തി പരിഹാരം കാണാമെന്ന് പൊലീസ് ഉറപ്പു നൽകുകയും ചെയ്തിൻ്റെ അടിസ്ഥാനത്തിൽ സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
എ ഐ വൈ എഫ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ കെ വിബീഷ് സമരം ഉദ്ഘാടനം ചെയ്തു .മറ്റു ഭാരവാഹികളായ പി കെ രതീഷ് , കെ.ആർ.ഷൈജു , ഇ.സി.സനീഷ് എന്നിവർ നേതൃത്വം നൽകി.