ചേലക്കര: സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രതിഷേധവുമായി എഐവൈഎഫ്. നിയമനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കിള്ളിമംഗലം സർവീസ് സഹകരണ ബാങ്കിലേക്കുള്ള നിയമനത്തിനാണ് പത്ത് ലക്ഷം കോഴയായിട്ട് കോൺഗ്രസ് ബ്ലോക്ക് നേതൃത്വം ആവശ്യപ്പെട്ടത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലും,സഹകരണ സ്ഥാപനങ്ങളിലും പൂർണ്ണമായും നടക്കുന്നത് കോഴ വാങ്ങിക്കൊണ്ടുള്ള നിയമനങ്ങളാണെന്നും എഐവൈഎഫ് പ്രസ്ഥാവനയിൽ പറഞ്ഞു.
ഇതിനെയാകെ മറച്ചുവെച്ചു കൊണ്ടാണ് എൽഡിഎഫിനെതിരെ ആരോപണം ഉന്നയിച്ച് പിൻവാതിൽ നിയമനത്തിന് കോഴ ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൗര വിചാരണ ജാഥ നടത്താനൊരുങ്ങുന്നത്. ഇത്തരം ഇരട്ടത്താപ്പ് നയം ജനങ്ങൾ മനസ്സിലാക്കണമെന്നും എഐവൈഎഫ് പറഞ്ഞു. കിള്ളിമംഗലം സർവീസ് സഹകരണ ബാങ്കിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നിട്ടുള്ളതെങ്കിൽ പോലും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് എഐവൈഎഫ് ചേലക്കര മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
അഴിമതിയിൽ മുങ്ങി നിൽക്കുന്ന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്നും കോഴ ആവശ്യപ്പെട്ട കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ കേസ് എടുക്കണമെന്നും എഐവൈഎഫ് ചേലക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി കെഎസ്.ദിനേഷ്, മണ്ഡലം പ്രസിഡണ്ട് വികെ.പ്രവീൺ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.