കൊച്ചി: ക്രിസ്മസ്-പുതുവത്സരം ഉത്സവ സീസൺ പ്രമാണിച്ച് അന്തർ സംസ്ഥാന യാത്രാസൗകര്യം വർധിപ്പിക്കണമെന്നും പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫിന്റെ ആഭിമുഖ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഉത്സവ കാലയളവിലും അവധിക്കാലത്തും കേരളത്തിലേക്ക് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നും ആയിരക്കണക്കിന് യാത്രക്കാരാണ് എത്തിച്ചേരുന്നത്. എന്നാൽ ഈ സന്ദർഭത്തിൽ വിമാന കമ്പനികൾ അമിതമായ ചാർജാണ് ഈടാക്കുന്നത്. അതുപോലെ ട്രെയിനുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും ടിക്കറ്റുകൾ കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്വകാര്യ ടൂറിസ്റ്റ് ബസുകളും നിരക്ക് ഭീമമായാണ് വർധിപ്പിച്ചിട്ടുള്ളത്. അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു നിൽ ക്കുന്ന ആയിരക്കണക്കിന് മലയാളികൾ അടക്കമുള്ളവരെ ദുരിതത്തിലാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്നും കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് എഐവൈഎഫ് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ആൽവിൻ സേവ്യർ, ഡിവിൻ കെ ദിനകരൻ, രേഖ ശ്രീജേഷ്, വി എസ് സുനിൽകുമാർ, എ എ സഹദ്, റോക്കി ജിബിൻ എന്നിവർ പ്രസംഗിച്ചു.