കോട്ടയം: കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകിയ സംഭവം അത്യധികം ഗൗരവത്തോടെ കാണേണ്ടതാണെന്ന് എഐവൈഎഫ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ലെന്നും ഹോസ്പിറ്റൽ അധികൃതരുടെ ഇത്തരം അപക്വമായ നിലപാടുകളെ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും എഐവൈഎഫ് വ്യക്തമാക്കി.
മാറികൊടുത്തുവിട്ട മൃതദേഹം സംസ്കരിക്കുക കൂടി ചെയ്തത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. മതിയായ വിശദീകരണം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നും സമഗ്രമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തണമെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫും പ്രസിഡന്റ് കെ. രഞ്ജിത്തും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ആശുപത്രിയില്‍നിന്ന് മാറി നല്‍കിയത്. മാറി കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്കരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെ ആശുപത്രിയിലെത്തി ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായത്. ശോശാമ്മയുടെ മൃതദേഹം എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അത് മറ്റൊരുകൂട്ടര്‍ കൊണ്ടുപോയി സംസ്കരിച്ചുവെന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.
രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെതുടര്‍ന്ന് മേരി ക്വീന്‍സ് ആശുപത്രിയില്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ശോശാമ്മ മരിക്കുന്നത്. ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യമുള്ളതിനാല്‍ മൃതദേഹം അവിടെ സൂക്ഷിക്കുകയായിരുന്നു. ഇന്നായിരുന്നു ശോശാമ്മയുടെ സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ശോശാമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാനമപ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മ എന്ന സ്ത്രീയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടെതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടെതാണെന്നും തിരിച്ചറിഞ്ഞത്.