തിരുവനന്തപുരം: ലോക്സഭയിൽ ഡാനിഷ് അലി എംപിക്ക് എതിരെ ബിജെപി എംപി രമേശ് ബിധുരി നടത്തിയ അധിക്ഷേപ പ്രസംഗം കൃത്യസമയത്ത് തടയാൻ കഴിയാതിരുന്നത് ചെയർ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവാണെന്ന് തുറന്നടിച്ച് എഐവൈഎഫ് രംഗത്ത്. അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യുവാനുള്ള സംവിധാനവും ചെയറിനുണ്ടെന്നിരിക്കെ കൊടിക്കുന്നിൽ അത് ചെയ്യാതെ ചിരിച്ചു കൊണ്ട് രാജ്യത്തിന് അപമാനമുണ്ടാക്കിയ പ്രസംഗം പൂർണ്ണമായി കേൾക്കുകയാണ് ഉണ്ടായതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രസംഗം തത്സമയം പരിഭാഷപെടുത്തുന്ന സംവിധാനം കാര്യക്ഷമം അല്ലാത്തത് കൊണ്ടാണ് ഇടപെടാൻ കഴിയാതിരുന്നത് എന്ന കൊടിക്കുന്നിൽ സുരേഷിൻ്റെ ന്യായീകരണം വിശ്വസനീയമല്ല. ഭരണഘടന അനുസരിച്ച് ലോക്സഭാംഗത്വം റദ്ദാക്കേണ്ട തെറ്റാണ് രമേഷ് ബിധുരിയുടെ പ്രസംഗത്തിൻ്റെ ഉള്ളടക്കം. ബിധുരിയെപ്പോലെ നിരന്തരം വർഗീയ പ്രസംഗം നടത്തുന്ന ഒരാൾ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ ചെയർ നിയന്ത്രിക്കുന്നയാൾ ജാഗ്രത പാലിക്കണമായിരുന്നു എന്ന് എഐവൈഎഫ് വ്യക്തമാക്കി.
ബിജെപിക്ക് ചൂട്ടു പിടിക്കുന്ന കേരളത്തിലെ കോൺഗ്രസ്സിന്റെ നയമാണോ കൊടിക്കുന്നിൽ പാർലമെന്റിൽ സ്വീകരിച്ചത് എന്നത് അദ്ദേഹവും കോൺഗ്രസ്സും വ്യക്തമാക്കണം. ബിജെപിക്കാർ എന്ത് പറഞ്ഞാലും ഏറ്റു പിടിക്കുകയും അതിനു വളം വെച്ച് കൊടുക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന്റ രീതി. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കും അർഹമായ സഹായ വിഹിതങ്ങൾ ഉൾപ്പടെ നൽകാത്തതിനും എതിരെ ഒരു ചെറു ശബ്ദം പോലും പാർലമെന്റിൽ ഉയർത്താൻ കേരളത്തിൽ നിന്ന് പോയ 18 ലോകസഭ അംഗങ്ങളും ശ്രമിച്ചിട്ടില്ല. ബിജെപിയെ കണ്ടാൽ മുട്ടിടിക്കുന്ന കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട് തന്നെയാണ് കൊടിക്കുന്നിലും സ്വീകരിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത് എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.