തിരുവനന്തപുരം: പ്രസാർ ഭാരതിയെ സംഘപരിവാർ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ്. ഫെബ്രുവരി 28 ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ എഐവൈഎഫ് തീരുമാനിച്ചു. പ്രസാർഭാരതിയെ സംഘപരിവാറിന് തീറെഴുതുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് കഴിഞ്‍ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ മേഖലകളും കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയുടെ ഭാഗമായാണ് പ്രസാർ ഭാരതിക്ക് വാർത്തകൾ നൽകാൻ സംഘപരിവാർ അനുകൂല വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
പിടിഐ പോലെയുള്ള ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികളെ ഒഴിവാക്കിയാണ് സംഘപരിവാർ ഏജൻസിയെ തീരുമാനിച്ചത്. പ്രസാർ ഭാരതിയെ കാവിവൽക്കരിക്കാനുള്ള നടപടിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.