തിരുവനന്തപുരം: വിമാനത്തിനുളളിൽ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടി പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ്. കേരളത്തെ കലാപ ഭൂമിയാക്കാനുളള ബിജെപി കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിക്കെതിരായ അക്രമണത്തിനെതിരെ മണ്ഡലം കേന്ദ്രങ്ങളിലാണ് എഐവൈഎഫിന്റെ പ്രതിഷേധം.
കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർത്തിയത്. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് വന്നവരെ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തടയുകയായിരുന്നു. സുരക്ഷാ ജീവനക്കാരെത്തി ഇവരെ പിടികൂടി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ വച്ച് പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിനൊരുങ്ങിയത്. വലിയതുറ പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തു. സിഐഎസ്എഫ് ആണ് അക്രമികളെ പൊലീസിന് കൈമാറിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി.