തിരുവനന്തപുരം: ജീവൻ രക്ഷാ മരുന്നുകൾ അടക്കം 850 ലധികം മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ എഐവൈഎഫിന്റെ പ്രതിഷേധം. ഏപ്രിൽ നാലിനു മണ്ഡലങ്ങൾക്കേന്ദ്രീകരിച്ചാവും എഐവൈഎഫിന്റെ പ്രതിഷേധം നടത്തുക. 850 ലധികം ജീവൻ രക്ഷാമരുന്നുകളുടെ വില 10 ശതമാനത്തിലധികം ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെയാണ് സംസ്ഥാന വ്യാപകമായി എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മരുന്നുകമ്പനികൾക്ക് കുടപിടിച്ച് സാധാരണക്കാരുടെ നടുവൊടിക്കുന്ന നയമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, വിളർച്ച ചെറുക്കാനുള്ള മരുന്നുകൾ, വൈറ്റമിൻ–മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ എന്നിവയ്ക്കെല്ലാം വില കൂടി. സ്റ്റെന്റ് ഉൾപ്പെടെയുള്ള നൂറോളം വരുന്ന മെഡിക്കൽ ഉപകരണങ്ങൾക്കും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതു രോഗികളെ രൂക്ഷമായി ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.