രാജ്യത്തും കേരളത്തിലും നടക്കുന്ന വിവിധതരം വിഷയങ്ങളിൽ ഇടപെടുന്നതിലും സമര പരിപാടികൾ സംഘടിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് എഐവൈഎഫ്. സമര തീഷ്ണമായ ഒരു വർഷമാണ് കടന്നു പോകുന്നത്. 2023 തുടങ്ങുമ്പോഴും എഐവൈഎഫ് സമര തെരുവുകളിലാണ്.
ജീവൻ രക്ഷ മരുന്നുകളുടെ വിലകൂട്ടൽ, ആദ്യ പ്രതിഷേധം എഐവൈഎഫിന്റേത്
ജീവൻ രക്ഷാ മരുന്നുകൾക്കടക്കം വിലകൂടിയ കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ആദ്യമായി ശക്തമായ പ്രതിഷേധം നടത്തിയത് എഐവൈഎഫ് ആയിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു സമരത്തിന് തുടക്കം.
ജീവൻ രക്ഷ മരുന്നുകൾ അടക്കം 850ലധികം മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരായിട്ടാണ് എഐവൈഎഫ് വൻ പ്രതിഷേധം സംഘടിപ്പിച്ചത്.
പിസി ജോർജിന്റെ മത വിദ്വേഷ പ്രസംഗത്തിനെതിരെ
കേരളത്തിലെ മത സാമുദായിക സൗഹാർദ്ദങ്ങളെ തകർക്കുന്ന രീതിയിൽ പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷപ്രസംഗത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. സാംസ്കാരിക കേരളത്തിന് അപമാനമായ രാഷ്ട്രീയ മാലിന്യം പി സി ജോർജിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുടനീളം എഐവൈഎഫ് സംഘടിപ്പിച്ചത്. മെയ് ഒന്നിനായിരുന്നു സമരത്തിന്റെ തുടക്കം.
പ്രതിപക്ഷ നേതാവിൻ്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്
വർഗ്ഗീയ ശക്തികളോട് കൂട്ട് ചേരുന്നപ്രതിപക്ഷ നേതാവിൻ്റെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ ആർ.എസ്.എസ് വേദി പങ്കിട്ട ഫോട്ടോയും വാർത്തയും അടക്കമുള്ള തെളിവുകൾ ആർ.എസ്.എസ് നേതാവ് ആർ.വി ബാബൂ വിൻ്റെ വെളിപ്പെടത്തലുകൾ മതേതര കേരളം ഞെട്ടലോടെയാണ് കേട്ടത്.ആർ.എസ്.എസിൻ്റെ നിരവധി പരിപാടികളിൽ വി.ഡി.സതീശൻ പങ്കെടുത്തിട്ടുണ്ടന്ന് ബി.ജെ.പി.സംസ്ഥാന വൈസ് ‘ പ്രസിഡന്റും വെളിപ്പെടുത്തി. മതേതര ജനതയെ വഞ്ചിച്ച വിഡി സതീശന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എഐവൈഎഫ് മാർച്ച്.
കൈത്താങ്ങായി ഭഗത് സിംഗ് യൂത്ത്ഫോഴ്സ്
പ്രളയത്തിൽ വെള്ളം കയറി നശിച്ച കൂട്ടിക്കലിലടക്കം രക്ഷാപ്രവർത്തനത്തിനുൾപ്പെടെ മുന്നിട്ടു നിന്നത് എഐവൈഎഫിന്റെ ഭഗത് സിംഗ് യൂത്ത്ഫോഴ്സായിരുന്നു. രക്ഷാപ്രവർത്തനത്തിനും വീടുകൾ വൃത്തിയാക്കുന്നതിനും ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു.
മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം; മതേതര സംഗമം
മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മതേതര സംഗമത്തിൽ പതിനായിരങ്ങൾ അണി ചേർന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു സംസ്ഥാന വ്യാപകമായി മതേതര സംഗമം സംഘടിപ്പിച്ചത്.
പാലിയേക്കര ടോൾ പ്ലാസ സമരം
പാലിയേക്കര ടോൾ പ്ലാസയിലെ അന്യായമായ ടോൾ വർദ്ധനവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സോണി ബി തെങ്ങമം അവാർഡ്
എഐവൈഎഫിന്റെ സമുന്നതനായ നേതാവ് സോണി ബി തെങ്ങമത്തിന്റെ പേരിലുള്ള അവാർഡ് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണിന് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ചേർന്ന് സമ്മാനിച്ചു.
ലഹരി വിരുദ്ധ സദസ്സ്
പടരുന്ന ലഹരി തകരുന്ന ജീവിതം ലഹരിക്കെതിരെ നമുക്കൊരുമിക്കാം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി എഐവൈഎഫ് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മേഖല തലത്തിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു
അന്തവിശ്വാസത്തെ ചെറുക്കാൻ ജാഗ്രതാ സദസ്സുമായി എഐവൈഎഫ്
അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം നടപ്പിലാക്കുക, നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ജാഗ്രതസദസ് സംഘടിപ്പിച്ച് എഐവൈഎഫ്
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് എഐവൈഎഫ് പ്രതിഷേധമാർച്ച്
കരിക്കോട് സ്വദേശികളായ സൈനികനേയും സഹോദരനേയും കള്ളകേസിൽ കുടുക്കുകയും മൂന്നാംമുറ പ്രയോഗിച്ച് രണ്ട് യുവാക്കളുടെ ഭാവി ജീവിതം കുട്ടിച്ചോർ ആക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് മാർച്ച് നടത്തി. യുവാക്കളുടെ വീട് സന്ദർശിച്ച സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന് എതിരെ രൂക്ഷ വിമർശനം നടത്തി.
എഐവൈഎഫിന്റെ നിലപാടിന്റെ വിജയം; പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻപ്രായം വർദ്ധിപ്പിക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട്
പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എഐവൈഎഫ് ചോദ്യം ചെയ്തു.
പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻപ്രായം അറുപതായി വർദ്ധിപ്പിച്ച ഉത്തരവ് പ്രതിഷേധാർഹമാണെന്നും അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പരസ്യമായി രംഗത്തെത്തി. പിന്നാലെയാണ് സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്.
കേരളത്തെ തകർക്കാൻ അനുവദിക്കില്ല
കേരളത്തെ തകർക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കെതിരെ എഐവൈഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു.
ഗവർണർക്കെതിരെ ജില്ലാടിസ്ഥാനത്തിൽ എഐവൈഎഫ് പ്രതിഷേധം
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫിന്റെ ശക്തമായ പ്രതിഷേധം. ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കയ്ക്കെതിരെ ജില്ലാ കേന്ദ്രങ്ങളിലാണ് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
യുവാക്കൾ അണിനിരന്ന് പാർലമെന്റ് മാർച്ച്
തൊഴിലില്ലായ്മ പരിഹരിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, ഭഗത്സിംഗ് നാഷണൽ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക, വേക്കൻസികൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും ആഭിമുഖ്യത്തിൽ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചു.
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കൊല്ലത്ത് നടന്ന കൂട്ടായ്മ
കലാലയങ്ങളിൽ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ്-എഐവൈഎഫ് സംയുക്തമായി വിദ്യാർത്ഥി യുവജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി എഐവൈഎഫ്
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും നേരിടുന്ന കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളും സർക്കാരിന്റെ ശ്രദ്ധയിലേക്കെത്തിക്കാൻ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ ആദ്യ യുവജന സംഘടന എഐവൈഎഫ് ആയിരുന്നു. ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്ന ദുഷ്ചെയ്തികൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാൻ ഇതിലൂടെ എഐവൈഎഫിനു സാധിച്ചു.
അന്തർ സംസ്ഥാന യാത്ര സൗകര്യം വർദ്ധിപ്പിക്കണം: എഐവൈഎഫ്
ഉത്സവക്കാലത്ത് അന്തർ സംസ്ഥാന യാത്ര സൗകര്യം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു.
പോയ വർഷത്തെ ഏതാനും ചില സമര പരിപാടികൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസേന നൂറുകണക്കിന് പ്രതിഷേധ പരിപാടികൾ എഐവൈഎഫ് സംഘടിപ്പിച്ചു വരുന്നുണ്ട്.