പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർധനവിനെതിരെയും പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര നിഷേധിച്ചതിലും പ്രതിഷേധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ ഷാജഹാൻ പ്രതിഷേധ സമരം ഉദ്ഘാടനം നിർവ്വഹിച്ചു. സുരേഷ് കൈതച്ചിറ, ഉദയൻ സുകുമാരൻ, കെ ഷിനാഫ്, അലി എസ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത് 2022 മാർച്ച് ഒമ്പതിനാണ്. സമീപത്തെ ആറ് പഞ്ചായത്തുകൾക്ക് അന്നു മുതൽ യാത്രാ ഇളവ് അനുവദിച്ചിരുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടഴി, കണ്ണബ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നിലവിൽ യത്രാ ഇളവുള്ളത്. ഇടയ്ക്ക് സൗജന്യ യാത്ര റദ്ദാക്കാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് പിൻവലിഞ്ഞു. ഇനി സൗജന്യ യാത്ര അനുവദിക്കില്ലെന്നാണ് ടോൾ കമ്പനി അധികൃതർ പറയുന്നത്. വാളയാർ ടോൾ പ്ലാസയെ അപേക്ഷിച്ച് ഉയർന്ന തുകയാണ് പന്നിയങ്കരയിലെ നിരക്ക്. മതിയായ അടിസ്ഥാന സൗകര്യം ഇവിടെ ഉറപ്പാക്കാത്തതിലും വിമർശനമുണ്ട്.