കൽപറ്റ: കേന്ദ്ര സർക്കാർ വയനാടിനോട് കാണിക്കുന്ന അവഗണനക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച അതിജീവന മാർച്ചിൽ പ്രതിഷേധം ഇരമ്പി. മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തം മാസങ്ങൾ പിന്നിട്ടിട്ടും ഒരു സഹായവും ചെയ്യാത്ത കേന്ദ്ര സർക്കാറിൻ്റെ സമീപനത്തിനെതിരെ വലിയ യുവജന രോഷമാണ് മാർച്ചിൽ ഉണ്ടായത്.
കഠിനമായ വെയിലിനെയും, തണുപ്പിനേയും അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകരാണ് രാവിലെ മുതൽ വിവിധ ജില്ലകളിൽ നിന്നായി മേപ്പാടിയിൽ എത്തി ചേർന്നത്. രാവിലെ പതിനൊന്ന് മണിക്ക് തന്നെ മാർച്ച് ആരംഭിച്ചു. ഉദ്ഘാടന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് കൽപറ്റ പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി ആയിരകണക്കിന് ആളുകളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം നാല് മണിയോടെ കൽപറ്റ സമര കേന്ദ്രത്തിൽ എത്തി ചേർന്നു.
നിരവധി ആളുകൾ പോസ്റ്റ് ഓഫീസ് പരിസരത്തും മാർച്ച് വീക്ഷിക്കാനായി എത്തിചേർന്നു. ഇനിയും കേന്ദ്രം നയം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എഐവൈഎഫ് നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചാണ് മാർച്ച് അസനാനിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് മേപ്പാടിയിൽ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ക്യാപ്റ്റൽ ടി ടി ജിസ്മോന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ മാർച്ച് കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ എത്തി. തുടർന്ന് നടന്ന പോസ്റ്റ് ഓഫീസ് ധർണ സിനിമാ സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുമേഷ് ബത്തേരി അധ്യക്ഷനായി.