തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി എഐവൈഎഫ് രംഗത്ത്. ഓഫീസർ റാങ്കിൽ താഴെയുള്ളവരെ താത്കാലികമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ മറ്റൊരു ജനദ്രോഹ നയത്തിനെതിരെ സമരം പ്രഖ്യാപിച്ച ഉദ്യോഗാർത്ഥികൾ രാജ്യ വ്യാപകമായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അവരുടെ സമരങ്ങൾക്ക് പിന്തുണയേകിയാണ് എഐവൈഎഫ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തൊട്ടാകെ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവുകൾ വ്യവസ്ഥാപിത രീതിയിൽ നികത്തണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. സൈന്യത്തെ യുവത്വമുള്ളതാക്കുന്നതിനെന്ന പേരിൽ അഗ്നിപഥ് എന്ന പദ്ധതി നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അംഗീകരിക്കാവുന്നതല്ലെന്നും അച്ചടക്കമുൾപ്പെടെയുള്ള സൈന്യത്തിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ദോഷകരമാകും. സർക്കാർ ചെലവിൽ സമ്പൂർണ പരിശീലനം നല്കിയ ശേഷം കരാർ നിയമനവും കുറച്ചുകാലത്തെ ജോലിയും മാത്രം നൽകുന്നത് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല പരിശീലനം നേടിയവർക്ക് ഭാവിയിൽ അനുയോജ്യമായ ജോലി ലഭിക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യും.പ്രതിരോധസേനയിൽ നിലവിലുള്ള നിയമന സംവിധാനം, സ്ഥാനക്കയറ്റം എന്നിവയെ തകിടം മറിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പദ്ധതി രാജ്യത്തെ യുവതി-യുവാക്കളോട് കാട്ടുന്ന അനീതിയാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആരോപിക്കുന്നു.
അഗ്നിപഥ് പദ്ധതിമൂലം സൈനിക പരീക്ഷകൾക്ക് മുൻഗണന നൽകുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി അപകടത്തിലാക്കും. സേനയിലെ പ്രൊഫഷണലിസത്തെയും ഇത് ബാധിക്കും. കേന്ദ്ര തീരുമാനം സിവിൽ സമൂഹത്തെ സൈനികവൽക്കരിക്കുമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ ഇടപെടണം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ഉദ്യോഗാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.