കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച് നടത്തി. കരിക്കോട് സ്വദേശികളായ സൈനികനേയും സഹോദരനേയും കള്ളകേസിൽ കുടുക്കുകയും മൂന്നാംമുറ പ്രയോഗിച്ച് രണ്ട് യുവാക്കളുടെ ഭാവി ജീവിതം കുട്ടിച്ചോർ ആക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം എന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് എഐവൈഎഫ് മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം ലോക്കപ്പ് മർദ്ദനം വിവാദമായതിനേതുടർന്ന് കിളികൊല്ലൂർ സ്റ്റേഷനിലെ എസ് ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി ആർ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നു. ഇവർ മൂന്ന് പേർ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്ട്രേറ്റിന് മൊഴിയും നൽകിയിരുന്നു.
എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് എ നൗഷാദ് ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് കൊല്ലം മണ്ഡലം പ്രസിഡന്റ് ശ്യാംരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി വി ആർ ആനന്ദ് സ്വാഗതം പറഞ്ഞു. വിജയലക്ഷ്മി, അഭിഷേക്, എന്നിവർ സംസാരിച്ചു . എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ അഷ്‌ക്കർ, രാഹുൽ, അൻഷാദ്, ബിജിലാൽ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
കിളികൊല്ലൂരിലെ പൊലീസ് മർദ്ദനത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.