മൂവാറ്റുപുഴ: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണിനെതിരെ കുപ്രചരണം നടത്തുന്ന എംഎൽഎ മാത്യു കുഴൽനാടനെതിരെ പ്രതിഷേധവുമായി എഐവൈഎഫ്. വ്യാജൻമാരുടെ ക്വട്ടേഷൻ തലവൻ മാത്യു കുഴൽനാടനെ തിരിച്ചറിയുക എന്ന് ആഹ്വാനം ചെയ്ത് എഐവൈഎഫ് ഇന്ന് വൈകിട്ട് മൂവാറ്റുപുഴയിൽ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ നഗര വികസനത്തെ കുറിച്ച് എംഎൽഎ മാത്യു കുഴൽനാടൻ നടത്തിയ വസ്തുത വിരുദ്ധ അവകാശവാദം ചൂണ്ടിക്കാട്ടിയതിനു എൻ അരുൺ നേരിടേണ്ടിവന്നത് രൂക്ഷമായ സൈബർ ആക്രമണങ്ങളായിരുന്നു. മുൻ എംഎൽഎ എൽദോ എബ്രഹാം നടത്തിയ മൂവാറ്റുപുഴ നഗര വികസനം പദ്ധതികൾ സ്വന്തംപേരിലേക്ക് എഴുതിച്ചേർക്കുക എന്ന വിലകെട്ട രാഷ്ട്രീയമാണ് മാത്യു കുഴൽ നാടൻ മണ്ഡലത്തിൽ നടത്തുന്നത്.
എംഎൽഎയുടെ വ്യാജപ്രചരണത്തിനെതിരെ ആദ്യം ശബ്ദമുയർത്തി രംഗത്തെത്തിയത് മൂവാറ്റുപുഴ എൽഡിഎഫ് കൺവീനർ കൂടിയായ എൻ അരുൺ ആയിരുന്നു. അതിനുശേഷം എൻ അരുണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ പരസ്യമായി വ്യാജ പ്രചരണമായിരുന്നു കുഴൽനാടനും സംഘവും അഴിച്ചുവിട്ടത്. വർഷങ്ങളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് നേരെ മാനഹാനിയുണ്ടാകും വിധത്തിലുള്ള പ്രചരണങ്ങളാണ് മാത്യു കുഴൽനാടനും കോൺഗ്രസിന്റെ സൈബർ ഗുണ്ടകളും നടത്തിയത്. തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ എൻ അരുൺ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി എംഎൽഎ ആയിരിക്കെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളോടെല്ലാം കണ്ണുതിരിച്ച് നിന്ന വ്യക്തി ജനങ്ങൾക്കിടെ വിമർശനങ്ങൾക്ക് തടയിടാനാണ് ജനപ്രതിനിധിക്ക് നിരക്കാത്ത കള്ളപ്രചരണമങ്ങളുമായി പൊതുസമൂഹത്തിനു മുന്നിലെത്തുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. തെറ്റിദ്ധാരണകൾ പരത്തി ജനങ്ങളെ കബളിപ്പിച്ച് ജീവിക്കാമെന്ന് മാത്യു കുഴൽ നാടൻ ഒരിക്കലും കരുതേണ്ടെന്നും എഐവൈഎഫ് പറഞ്ഞു.