Sunday, November 24, 2024
spot_imgspot_img
HomeKeralaകയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല, ജനാധിപത്യ സംരക്ഷണത്തിനു ഒറ്റക്കെട്ടായി പോരാടാം, രാഹുലിന്റെ അയോഗ്യതയിൽ എഐവൈഎഫ്

കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല, ജനാധിപത്യ സംരക്ഷണത്തിനു ഒറ്റക്കെട്ടായി പോരാടാം, രാഹുലിന്റെ അയോഗ്യതയിൽ എഐവൈഎഫ്

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ ലോകസഭാം​ഗത്വം റദ്ദാക്കിയ നടപടിയെ ശക്തമായി എതിർപ്പറിയിച്ച് എഐവൈഎഫ് രം​ഗത്ത്. രാഹുൽ ​ഗാന്ധിക്കെതിരെ ലോക്സഭ സെക്രട്ടേറിയറ്റ് എടുത്ത നടപടി ജനാധിപത്യ ഇന്ത്യക്ക് അപമാനമാണ്. ജനാധിപത്യത്തിനു മേലുളള സംഘപരിവാർ ശക്തികളുടെ കടന്നുകയറ്റത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ​ഗാന്ധിയെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്ഥാവനയിൽ അഭിപ്രായപ്പെട്ടു.

ഫാസിസ്റ്റുകൾ തങ്ങളുടെ സകല സന്നാഹങ്ങളെയും ഉപയോഗിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. കോടതികളെ വരെ തെറ്റിദ്ധരിപ്പിച്ച് ബിജെപി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ-മതേതര-ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തിയാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നതും പാർലമെന്റിൽ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷ അംഗങ്ങളെ കേസിൽ കുടുക്കുന്നതും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണെന്നും ഇനിയും അത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും എഐവൈഎഫ് വ്യക്തമാക്കി. അദാനിയുടെ തട്ടിപ്പിനെ കുറിച്ച് പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുമ്പോൾ ആണ് രാഹുലിനെ അയോഗ്യനാക്കിയിരിക്കുന്നത്. ഈ നീക്കം അദാനി വിഷയം അടക്കമുള്ള രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ ചോദ്യം ഉയർത്താതിരിക്കാൻ പ്രതിപക്ഷത്തെ നിർബന്ധിതരാക്കാൻ വേണ്ടിയാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.

ജനാധിപത്യ സംരക്ഷണത്തിനു കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഈ രാജ്യത്തോട് കൂറും ഉത്തരവാദിത്തവുമുള്ള യുവജന സംഘടന എന്ന നിലയിൽ എഐവൈഎഫ് വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിക്ക് എതിരായ അയോഗ്യത നടപടിക്ക് എതിരെ ഒരുമിച്ചു പ്രതിഷേധിക്കാൻ ജനാധിപത്യ വിശ്വാസികളോട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആഹ്വാനം ചെയ്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares