ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ബാങ്കുകാരുടെ ഭീഷണിയെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എഐവൈഎഫ് ആക്സിസ് ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
കുടിശ്ശിക പിരിക്കുന്നതിനായി ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വ്യക്തികൾ കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുഞ്ഞാറുകളി ശശിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മാനസികമായി തകർക്കുകയും ചെയ്തതിനെ തുടർന്ന് ആണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്.
വീട്ടിലെത്തിയ കുടിശ്ശിക പിരിവുകാരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് നിയമനടപടി സ്വീകരിക്കണമെന്നും, രണ്ട് പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് നാഥനില്ലാതെ ആയതുമൂലം കുടിശ്ശിക തുക ബാങ്ക് എഴുതിത്തള്ളണമെന്നും വീടിന്റെയും വസ്തുവിന്റെയും ആധാരം കുടുംബത്തെ തിരികെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ബാങ്കിന്റെ ഉന്നതരുമായി ചർച്ച ചെയ്തു സത്വര നടപടികൾ സ്വീകരിക്കാം എന്ന ഉറപ്പിന്മേൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
നിയമനടപടി സ്വീകരിക്കുവാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു എഐവൈഎഫ് പ്രവർത്തകർ സ്ഥലം എംഎൽഎയും കൃഷിവകുപ്പ് മന്ത്രിയുമായ പി പ്രസാദിന് നിവേദനവും നൽകുമെന്നും അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത് , ജോയിന്റ് സെക്രട്ടറി പി വി ഗിരീഷ് കുമാർ , കെ എസ് ശ്യാം, ദിപീഷ്, കെ സി ശ്യാം, സി അജിത് കുമാർ , റെജീന സെൽവി , എൻ പി.അമൽ , ബ്രൈറ്റ് എസ് പ്രസാദ് ,തിഞ്ചു മോൻ കെ എസ് ഷിബു , വിശാൽ വിജയൻ എന്നിവർ നേതൃത്വം നൽകി.