വയനാട് മേപ്പാടിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നടത്തിയിരുന്ന ഭൂമി നികത്തലിനെതിരെ എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ബോബിചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള മേപ്പാടിയിൽ ‘ബോച്ചെ 1000 ഏക്കർ’ എന്ന സ്ഥലത്താണ് ഭൂമി നികത്തിയത്. എഐവൈഎഫ് പ്രവർത്തക്കർ സംഭവസ്ഥലത്തെത്തി അനധികൃത പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കുകയായിരുന്നു. റവന്യു ഉദ്യോഗസ്ഥർ നേരത്തെ ഇവിടെ എത്തി ഭൂമി നികത്തുന്നത് തടഞ്ഞ് ഉത്തരവിട്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തിയാണ് ബോബി ചെമ്മണ്ണൂർ നിയമ ലംഘനം നടത്തിയിരിക്കുന്നത്.
1000 ഏക്കറിനു സമീപത്തിലൂടെ ഒഴുകുന്ന നദിയുൾപ്പെടെ നികത്തിയിട്ടുണ്ടെന്നാണ് എഐവൈഎഫ് ആരോപിക്കുന്നത്. ഏകദേശം ആയിരത്തോളം ലോഡ് മണ്ണ് ഇതിനോടകം തന്നെ ഭൂമി നികത്തുന്നതിനായി ഈ പ്രദേശത്തേക്ക് എത്തിച്ചിരുന്നു. ഉരുൾ പൊട്ടൽ ഭീഷണി നലനിൽക്കുന്ന പ്രദേശത്ത് ബോബി ചെമ്മണ്ണൂർ നടത്തുന്ന ക്രൂരത കണ്ടില്ലെന്ന് നടിക്കാൻ തങ്ങൾക്കാവില്ലെന്ന് എഐവൈഎഫ് പ്രവർത്തകർ വ്യകത്മാക്കി. തെയിലത്തോട്ടമായിരുന്ന ഭൂമി തരംമാറ്റി എടുത്താണ് ഏക്കറുകണക്കിനു ഭൂമി മണ്ണിട്ട് നികത്തിയത്. അതുകൂടാതെ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ നികത്തലും ഇതിനോടൊപ്പം നടത്തിയിരുന്നു. നിരവധി ആളുകൾ അധിവസിക്കുന്ന പ്രദേശത്താണ് ബോബി ചെമ്മണ്ണൂർ നിയമ ലംഘനം നടത്തിയിരിക്കുന്നത്.
എഐവൈഎഫ് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. അനധികൃതമായി നികത്താൻ ശ്രമിച്ചതിനു ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെയും അതിന്റെ ഡ്രൈവർമാർക്കെതിരെയും കേസെടുക്കുമെന്ന് രജിസ്റ്റർ ചെയ്യുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയതിനു ബോബി ചെമ്മണ്ണൂരിനെതിരെ മേൽ നടപടികൾ സ്വീകരിക്കുമെന്നും ഇനിയും ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്താൻ ഉടമസ്ഥനെ അനുവദിക്കില്ലെന്ന റവന്യൂ ഉദ്യോഗസ്ഥരുടെ ഉറപ്പിൻ മേലാണ് ഉപരോധം അവസാനിച്ചത്.
മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മുണ്ടക്കൈ സമീപം തോട്ടഭൂമിയാണ് അനധികൃതമായി തരംമാറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായതിനാൽ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ബോച്ചെ 1000 ഏക്കറിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതു കൂടാതെ ന്യൂ ഇയറിനു ബോച്ചെ 1000 ഏക്കറിൽ പതിനായിരക്കണക്കിനു ആളുകളെ ഉൾക്കൊള്ളിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് ഹൈക്കോടിതി തടഞ്ഞിരുന്നു എന്നാൽ ഇതെല്ലാം വിലവെക്കാതെയാണ് ബോബി ചെമ്മണ്ണൂർ മേപ്പാടിയിൽ അനധികൃത നിർമ്മാണങ്ങളുമായി മുന്നോട്ട് പോകുന്നത്. പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ, പ്രസിഡന്റ് സുമേഷ് ബത്തേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ വിൻസെന്റ് പുത്തേട്ട്, കൽപ്പറ്റ മണ്ഡലം സെക്രട്ടറി രജീഷ്, ജെസ്മൽ ബത്തേരി മണ്ഡലം സെക്രട്ടറി അമൽ എന്നിവർ നേതൃത്വം നൽകി.