Friday, November 22, 2024
spot_imgspot_img
HomeKeralaകരുനാഗപ്പള്ളി എംഎൽഎ വികസന പ്രവർത്തനങ്ങൾക്ക് തുരംഗം വെക്കുന്നു: ടി ടി ജിസ്‌മോൻ

കരുനാഗപ്പള്ളി എംഎൽഎ വികസന പ്രവർത്തനങ്ങൾക്ക് തുരംഗം വെക്കുന്നു: ടി ടി ജിസ്‌മോൻ

കരുനാഗപ്പള്ളി: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളി മണ്ഡലത്തിൽ ആർ രാമചന്ദ്രൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ യുഡിഎഫ് എംഎൽഎ കാട്ടുന്ന വിമുഖതയിൽ പ്രതിഷേധിച്ചു എഐവൈഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിപിഐ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഫെഡറൽ ബാങ്കിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണാ സമരം സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും കേരളത്തിൽ വന്ന മാറ്റങ്ങൾ ചെറുതല്ല. കിഫ്‌ ബി യെ പരോക്ഷമായി ആക്ഷേപിച്ച യുഡിഎഫ് എംഎൽഎ മാരുടെ മണ്ഡലങ്ങളിൽ പോലും കിഫ്‌ബി ഫണ്ട്‌ ഉപയോഗപ്പെടുത്തി നിരവധി വികസന പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. സ്കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നതും സർക്കാർ ആശുപത്രികൾ സാധാരണക്കാരന്റെ അഭയ കേന്ദ്രമായി മാറുകയും ചെയ്തത് ഈ കാലയളവിലാണ്. ഇടത് ഭരണത്തിന് കീഴിൽ കരുനാഗപ്പള്ളിയിൽ കൈവരിക്കാൻ കഴിഞ്ഞ വികസന നേട്ടങ്ങങ്ങൾ ഏറെയാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മണ്ഡലത്തിൽ മുൻ എംഎൽഎ ആർ രാമചന്ദ്രൻ കൊണ്ട് വന്ന പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കേണ്ട ഇപ്പോഴത്തെ എംഎൽഎ വികസന കാര്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയും, മുരടിപ്പിക്കുകയും ചെയ്യുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. പൂർത്തിയായ പദ്ധതികൾ ജനങ്ങൾക്കായി തുറന്ന് നൽകാത്തത് എംഎൽഎ സ്വന്തം താല്പര്യം സംരക്ഷിക്കാനും സ്വന്തം അജണ്ടകൾ നടപ്പിലാക്കാനും വേണ്ടിയാണ്. പുതിയ പദ്ധതികൾ കൊണ്ടു വരുന്നതിന് മുൻകൈ എടുക്കുന്നില്ലന്ന് മാത്രമല്ല നിലവിലുള്ള പദ്ധതികൾക്ക് തുരംഗം വെക്കുന്ന നിലപാടാണ് എംഎൽഎ യുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ജിസ്മോൻ അഭിപ്രായപ്പെട്ടു.

സ്മാർട്ട് കരുനാഗപ്പള്ളി എന്ന പേരിൽ എംഎൽഎ വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച പദ്ധതിക്ക് വലിയ സാമ്പത്തികമാണ് നാട്ടിലും വിദേശ രാജ്യങ്ങളിൽ നിന്നും സ്വരൂപ്പിച്ചത്. എന്നാൽ ഈ പദ്ധതി ഉപേക്ഷിച്ച നിലയാണുള്ളത്. ഇതിനായി ശേഖരിച്ച വിദ്യാർത്ഥികളുടെ വിവരരേഖകൾ സ്വകാര്യ വിദ്യാഭ്യാസ കൊച്ചിങ് സെന്ററുകൾക്ക് നൽകുകയാണ് ഉണ്ടായത്. സ്വകാര്യ വിദ്യാഭ്യാസ കൊച്ചിങ് സെന്ററുകളുടെ ഇടനിലക്കാരനായി എംഎൽഎ പ്രവർത്തിക്കുന്നതായും എഐവൈഎഫ് ഭാരവാഹികൾ ആരോപിച്ചു.

എഐവൈഎഫ് ഓച്ചിറ മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് മാധവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ:സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി എസ് നിധീഷ്, പ്രസിഡന്റ് ഇ കെ സുധീർ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഐ ഷിഹാബ്, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ് കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റി അംഗം ജഗത് ജീവൻ ലാലി, എഐവൈഎഫ് ജില്ലാ ജോ:സെക്രട്ടറി ആർ ശരവണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിഹാൻ ബഷി, ആർ നിധിൻ രാജ്, രശ്മി അംജിത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം ഡി അജ്മൽ നന്ദി പറഞ്ഞു. അഖിൽ ആർ, അജാസ് എസ് പുത്തൻപുരയിൽ, എം അൻസർ ജമാൽ, സജിത എസ്, മുകേഷ് എം, ശ്യാംകുമാർ എസ്, കാർത്തിക് എസ്, ആശ ദേവി ആർ, റിയാസ് പാവുമ്പ, ശ്രീഹരി പി എസ്, ഷാരോൺ, ആമിന റെജിമോൾ, സൂര്യ എസ്, ശാലിനി ആർ, നാദിർഷാ എൻ, രാജേഷ് ആർ കന്നേറ്റി തുടങ്ങിയവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares