കണ്ണൂർ: തലശ്ശേരിയിലെ ലഹരി മാഫിയ നടത്തിയ കൊലപാതകങ്ങളിൽ എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ലഹരി മാഫിയക്ക് സമൂഹത്തിലെ എല്ലാതരം വിലക്കുകളും എതിർപ്പുകളും തുടരുമ്പോൾ ഇതെല്ലാം അവഗണിച്ചുകൊണ്ട് ധൈര്യത്തോടെ മുന്നോട്ടുപോകാൻ ഇത്തരം മാഫിയകൾ സാധിക്കുന്നതെങ്ങനെയെന്ന് പൊതുജനങ്ങൾക്ക് അറിയേണ്ടതുണ്ടെന്നും എഐവൈഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ലഹരി മാഫിയയ്ക്കെതിരെ വ്യാപകമായ രീതിയിൽ നിരവധിയായ ക്യാമ്പയിനുകളും ജനകീയ മുന്നേറ്റങ്ങളും നടക്കുന്ന ഘട്ടത്തിൽ പോലും പൊലീസിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ഭാഗത്തുനിന്നും ആശാവഹമായ രീതിയിലുള്ള സഹകരണം ലഭിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.
നിരവധി കേസുകളിൽ കച്ചവട കണ്ണികളായ ആളുകളെ അറസ്റ്റ് ചെയ്താലും ഇതിന്റെയെല്ലാം ഉത്ഭവം കണ്ടുപിടിക്കുന്നതിനോ ആ ചരടുകൾ മുറിച്ചുമാറ്റുന്നതിന് പൊലീസോ എക്സൈസോ ശ്രമിക്കുന്നില്ല എന്നതാണ് വസ്തുതയെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. പലപ്പോഴും ഇത് ഇരു സംവിധാനങ്ങളും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് പൊതുജനം സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. ഇത്തരത്തിൽ പൊതുജനങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ലഹരി മാഫിയയുടെ ഉത്ഭവം കണ്ട് പിടിച്ച് വേരറുത്ത് മാറ്റുന്നതിന് വേണ്ടി ആവശ്യമായ രീതിയിലുള്ള ഇടപെടലുകൾ പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. സമൂഹത്തിൽ ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.