കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എഐവൈഎഫ്. കാസർകോട് ജില്ലയിൽ തുടർച്ചയായി ഭക്ഷ്യവിഷ ബാധ റിപ്പോർട്ട് ചെയ്യുകയാണെന്നും, ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇനിയും കണ്ടു നിൽക്കാൻ ആകില്ലെന്നും എഐവൈഎഫ് കാസർകോട് ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. “ഹോട്ടൽ മുതലാളികളിൽ നിന്ന് അച്ചാരം വാങ്ങി നിങ്ങൾ തിന്നുന്നത് കൊലച്ചോർ ആണെന്ന് ഓർക്കണം. നിങ്ങൾ മറുപടി പറയേണ്ട കാലം ഇനി വരാൻ പോകുകയാണെന്നും” എഐവൈഎഫ് ജില്ലാ നേതൃത്വം തുറന്നടിച്ചു.
മരിച്ച അഞ്ജു ശ്രീ പാർവതി എഐവൈഎഫ് ബേനൂർ യൂണിറ്റ് അംഗം കൂടിയാണ്. ഉദ്യോഗസ്ഥ അനാസ്ഥക്കും ഹോട്ടൽ മാഫിയയുടെ ആർത്തിക്കും ഒരു ഇര കൂടിയാണ് അഞ്ജു ശ്രീ പാർവതി എന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.
അഞ്ജുശ്രീയുടെ മരണത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആദരാഞ്ജലികൾ അർപ്പിച്ചു.
ജനുവരി ഒന്നിനാണ് പെൺകുട്ടി ഓൺലൈനിൽ കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. കാസർകോട്ടെ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് നില വഷളായപ്പോഴാണ് മംഗലാപുരത്തേ സ്വാകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.