തിരുവനന്തപുരം: ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകത്തിൽ നിന്നും മുഗൾ രാജാക്കന്മാരെ കുറിച്ചും ഡൽഹി മുസ്ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങൾ നീക്കം ചെയ്ത എൻ സി ഇ ആർ ടി നടപടി വിദ്യാഭ്യാസ മേഖലയിൽ സങ്കുചിത രാഷ്ട്രീയ വീക്ഷണത്തോടെ സർവാധിപത്യം ലക്ഷ്യമിട്ടു കൊണ്ടുള്ള സംഘ് പരിവാർ നീക്കത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
ഇന്നലെകളിൽ രാജ്യത്തെ രൂപപ്പെടുത്തിയ ചരിത്രാനുഭവങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർ തങ്ങളുടെ അജണ്ടകൾക്കനുയോജ്യമാംവിധം ചരിത്ര പാഠ്യപദ്ധതിയ്ക്ക് രൂപം നൽകി മിഥ്യാബോധങ്ങൾ നെയ്‌തെടുത്ത് ഭരണത്തിന്റെ തണലിൽ ആധികാരികമായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
മുൻപ് പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന് ബദലായി ‘ഭാരതം’ എന്ന് രേഖപ്പെടുത്തണമെന്ന് എൻ സി ഇ ആർ ടി തന്നെ ശുപാർശ ചെയ്തതും പതിനൊന്നാം ക്ലാസ്സിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിനെ ഒഴിവാക്കിയതും പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരിന് പകരം ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന വിശേഷണം നൽകിയതും ആർഎസ്എസ് അജണ്ടകളെ കൃത്യമായി സ്ഥാപിക്കാനായിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭ്യമാക്കാറുള്ള പാഠ പുസ്തകങ്ങളെ പോലും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിന്നെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.