തിരുവല്ല: സ്ഥലപരിമിതിയുള്ള സാധാരണക്കാർ സസ്കാര ചടങ്ങുകൾക്കായി കൂടുതലായി ആശ്രയിച്ചിരുന്ന ശാന്തികവാടം വാതകശ്മശാനം കഴിഞ്ഞ പത്തു മാസമായി പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധവുമായി എഐവൈഎഫ്. അതിന്റെ ഭാഗമായി എഐവൈഎഫ് ടൗൺ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ടൗണിലുട നീളം പോസ്റ്ററുകൾ പതിച്ചു.
ഗവണ്മെന്റ് ആശുപത്രിക്കു സമീപമുള്ള ശാന്തികവാടം വാതക ശ്മശാനത്തിന്റെ പുകക്കുഴൽ കഴിഞ്ഞമാർച്ചിൽ തുരുമ്പിച്ചിട്ടു ഒടിഞ്ഞു വീണിരുന്നു. വാതക ചേമ്പറിനു മുകളിലേക്ക് വീണ പുകക്കുഴൽ നാളിതുവരെയായി മാറ്റിയിട്ടില്ല.പത്തുമാസം മുൻപ് തകരാറിലായ വാതക ശ്മശാനം അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാത്തതിനാൽ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ശ്മശാനം പ്രവർത്തന സജ്ജമാക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി, സെക്രട്ടറി വിഷ്ണു ഭാസ്കർ എന്നിവർ അറിയിച്ചു.