പുനലൂർ: മണ്ഡലം മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് കാണിച്ച് എഐവൈഎഫ് നടത്തിയ സമരം ഫലം കണ്ടു. കൊല്ലം പുനല്ലൂർ തെങ്കാശി പാതയിൽ ശബരിമല സ്പെഷ്യൽ ട്രെയിൽ സർവീസ് ആരംഭിക്കുക. പുനല്ലൂർ റെയിൽവെ സ്റ്റേഷനോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ വിഷയങ്ങളുയർത്തി എഐവൈഎഫ് പുനലൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധം സഘടിപ്പിച്ചിരുന്നു. അതിന്റെയെല്ലാം ഫലമായാണ് ചെന്നൈയിൽ നിന്നും പുനലൂർ വഴി എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചത്. പ്രതിവാര സർവ്വീസ് ആയിട്ടാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
സ്പെഷ്യൽ ട്രെയിനിന്റെ ആദ്യസർവ്വീസ് 28ന് ഉച്ചയ്ക്ക് 1.10 ന് എറണാകുളത്ത് നിന്നും ആരംഭിച്ച് 4:30 ന് കൊല്ലത്തും, 5:40 ന് പുനലൂരിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് താംബരത്തും എത്തും. 29ന് വൈകുന്നേരം3:40ന് ചെന്നൈ താംബരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച രാവിലെ 6:50 ന് പുനലൂരിലും, കൊല്ലത്ത് 8:15 നും എറണാകുളത്ത് ഉച്ചക്ക് 12 മണിക്കും എത്തുന്ന നിലയിലാണ് സമയ ക്രമീകരണം റെയിൽവെ നടത്തിയിരിക്കുന്നത്.
തമിഴ്നാടിന്റെ ടെമ്പിൾ സിറ്റി റയിൽവേ ലൈനിൽ ഉൾപ്പെടുന്ന ചിദംബരം, കുംഭകോണം, തഞ്ചാവൂർ, മധുര, തുടങ്ങിയ സ്ഥലങ്ങളിൽ കൂടിയാണ് സർവ്വീസ്. അതിനാൽ കൂടുതൽ തീർത്ഥാടകർ പുനലൂരിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ശബരിമലയോട് അടുത്ത് സ്ഥിതിചെയ്യുന്ന റയിൽവേ സ്റ്റേഷനാണ് പൂനലൂർ. റയിൽവേ സ്റ്റേഷനിൽ എത്തുന്ന തീർത്ഥാടകരെ പമ്പയിൽ എത്തിക്കുന്നതിന് കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ നട ത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.