തിരുവനന്തപുരം: കേരളത്തെ തകർക്കാൻ അനുവദിക്കില്ല, ഗവർണറുടെ ആർഎസ്എസ് അജണ്ടക്കെതിരെ മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇന്ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും.രാവിലെ പത്തരയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന രാജ് ഭവൻ മാർച്ച് സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭരണഘടനാപരമായി ഗവർണറുടെ അധികാരം എന്നത് വളരെ പരിമിതമാണ്. എന്നാൽ കേരളത്തിൽ ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനുമേൽ അമിതമായ അധികാരം പ്രയോഗിക്കാനാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. സർവ്വകാലാശലകളുടെ ചാൻസലർ എന്ന പദവി അദ്ദേഹത്തിന് എങ്ങനെയാണ് വന്നതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ സർവകലാശാലയുടെ ചാൻസലർ പദവിയിലേക്ക് കൊണ്ടപോയെത്തിച്ചത്. എന്നാൽ ആ ചാൻസലർ പദവി ദുരുപയോഗം ചെയ്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടയതെന്ന് എഐവൈഎഫ് ആരോപിച്ചു.
അതുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുവേണ്ടിയുള്ള വളരെ ആസൂത്രണമായ ശ്രമങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചാൻസലർ ഗവർണർ തന്നെ ആകണമെന്ന് നമ്മുടെ ഭരണഘടനയിലോ യുജിസി ചട്ടങ്ങളിലോ പറയുന്നില്ല. സർവ്വകലാശാലകളെ തകർക്കുവാൻ പരസ്യമായ നീക്കങ്ങൾ നടത്തുന്ന ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കം ചെയ്യണം എന്നു തന്നെയാണ് എഐവൈഎഫ് ആവശ്യപ്പെടുന്നത്. ഓരോ സർവ്വകലാശാല പ്രവർത്തിക്കുന്നത് വ്യത്യസ്തമായ ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ ഈ വസ്തുതകളൊന്നും പരിഗണിക്കാതെ സ്വയം കോടതിയായി ഗവർണർ മുന്നോട്ട് പോകുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വൈസ് ചൻസലർമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം സർവ്വകലാശാലകളുടെ പ്രവർത്തനം തകർക്കുന്ന നീക്കങ്ങളുമായാണ് ഗവർണർ മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഗവർൺമെന്റ് രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭരണം നടപ്പാക്കുന്ന ബിജെപി ഇതര സർക്കാരുകളെ അപ്പാടെ തകർക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. അതിന്റെ ഭാഗമായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഗവർണർമാരെ ഉപയോഗിച്ചും ഇത്തരം സംസ്ഥാനങ്ങളിൽ ഭരണപ്രതിസന്ധി സൃഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളാണ് മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.