സംസ്ഥാനത്തെ സർവകലാശാലളെ കാവിവത്കാരിക്കാൻ വേണ്ടി ഗവർണർ നടത്തുന്ന ഭരണഘടനലംഘനങ്ങൾക്കെതിരെ ഇന്ന് എഐവൈഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് രാജ്യസഭ അംഗം അഡ്വ. പി സന്തോഷ് കുമാർ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യും. ഭരണഘടന വ്യവസ്ഥകൾ കാറ്റിൽപറത്തിക്കൊണ്ടുള്ള രാഷ്ട്രീയ അഴിഞ്ഞാട്ടത്തിലൂടെ കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ പ്രതിഷേധമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ചാൻസലർ എന്ന നിലയിൽ അവിടത്തെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് കേരളത്തിൽ നടപ്പാക്കുന്നത്.
ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് ആർഎസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്ന ഗവർണർ ഭരണ ഘടന പരമായ ഉത്തരവാദിത്വങ്ങൾ മറന്ന് തെരുവ് ഗുണ്ടയെ പോലെ പെരുമാറുന്നത് അത്യന്തം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മേനും വ്യക്തമാക്കി. ഗവർണറുടെ ഭരണഘടന ലംഘനങ്ങൾ തുടർക്കഥയായതിനു പിന്നാലെ ശക്തമായ പ്രതിഷേധ സമരങ്ങളാണ് എഐവൈഎഫ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി സ്ഥിരമായി ഭരണഘടന ലംഘനം നടത്തുന്ന ഗവർണർക്ക് യഥാർത്ഥ ഭരണഘടന മൂല്യങ്ങൾ എന്തെന്ന് മനസിലാക്കൻ ഇന്ത്യൻ ഭരണഘടന കൈമാറുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
അദ്ദേഹത്തിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങളുപയോഗിച്ച് വളരെ ആസൂത്രിതമായ നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല വിഷയങ്ങളിൽ നടപ്പിലാക്കുന്നത്. സർവകലാശാലയുടെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും ജനാധിപത്യ പരമായി നടക്കുന്ന തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് ഗവർണർ ആർഎസ്എസിന്റെ കൂട്ടുപിടിച്ച് നടപ്പാക്കുന്നത്. സെനറ്റിലേക്ക് അർഹതപ്പെട്ട് തെരഞ്ഞെടുത്ത ആളുകളെ ഒഴിവാക്കി പകരം എബിവിപിയുടെയും ആർഎസ്എസിന്റെയും ആളുകളെ തിരികികയറ്റാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനെതിരെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് എഐവൈഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്.