തിരുവല്ല: മഴക്കാലമായതോടു കൂടി യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്റ്. തിരുവല്ല പ്രൈവറ്റ് ബസ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ടുകൾ രൂക്ഷമായതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് എഐവൈഎഫ്. അതിന്റെ ഭാഗമായി തിരുവല്ല ടൗണിൽ എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചു.
കാലാകാലങ്ങളായി നവീകരണം നടത്താത്തതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി ആരോപിക്കുന്നത്. സാധാരണക്കാർ നിരവധിയായി ആശ്രയിക്കുന്ന ബസ് സ്റ്റാന്റിൽ യാത്രികർ ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി വെള്ളക്കുഴികളാണുള്ളത്. അതുകൂടാതെ സ്റ്റാൻഡിൽ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒന്നുതന്നെ ഇല്ല. മഴക്കാലമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചെളിവെള്ളവും മാലിന്യവും നിറഞ്ഞു. കാത്തിരിപ്പ് കേന്ദ്രത്തിൽ മഴപെയ്താൽ കുട പിടിക്കണ്ട അവസ്ഥയാണുള്ളതെന്നും എഐവൈഎഫ് ആരോപിച്ചു.
തിരുവല്ല പോലുള്ള വലിയ നഗരത്തിലെ ബസ്റ്റാന്റിൽ ഒരേ സമയം പത്തു ബസ്സുകൾ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കുകയുള്ളു. തിരുവല്ല ബസ്റ്റാന്റിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ നടപടിയുണ്ടാവണം എന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. എഐവൈഎഫ് തിരുവല്ല ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി , സെക്രട്ടറി വിഷ്ണു ഭാസ്കർ , കമ്മിറ്റി അംഗങ്ങളായ സാലു ജോൺ , ജ്യോതിഷ് ജോയ് എന്നിവർ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ പ്രചരണത്തിൽ പങ്കാളികളായി.