ഡൽഹിയിൽ കർഷക സമരത്തിന് നേരെ നടത്തിയ പൊലീസ് അതിക്രമം കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് എഐവൈഎഫ്. ഒന്നാം കർഷക പ്രക്ഷോഭ കാലത്ത് കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച കേന്ദ്ര സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇരുമ്പാണികൾ റോഡിൽ നിരത്തിയും ബാരിക്കേഡുകൾക്ക് പുറമെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചും ഇന്റർനെറ്റ് സേവനം നിർത്തലാക്കിയും സ്റ്റേഡിയങ്ങൾ ജയിലുകളാക്കിയും സമരത്തെ അടിച്ചമർത്താൻ വമ്പിച്ച സേനയെ വിന്യസിച്ചും തുടക്കം മുതൽ സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടത്തിയതന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
കാർഷിക മേഖലയിൽ വിരളമായെങ്കിലും നിലനിൽക്കുന്ന സാമ്പത്തിക ഭദ്രതയുടെയും സുസ്ഥിരതയുടെയും പരിമിതമായ സാധ്യതകളെക്കൂടി കോർപറേറ്റ് ഭീമന്മാരുടെ ലാഭക്കൊതിക്കായി വിട്ടു കൊടുക്കുവാനുള്ള നവ ലിബറൽ അജണ്ടക്കെതിരെയുള്ള ജനകീയ സമരത്തെ അടിച്ചമർത്താമെന്നത് കേന്ദ്ര സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എഐവൈഎഫ് വ്യക്തമാക്കി.