മണിപ്പൂരിലെ കലാപ ബാധിത മേഖലകൾ സന്ദർശിച്ച എൻഎഫ്ഐഡബ്ല്യു ദേശീയ ജനറൽ സെക്രട്ടറി ആനി രാജക്കും സംഘത്തിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമതിയത്തിയതിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ്. കലാപത്തിന് പിന്നിൽ പ്രവർത്തിച്ച സംഘപരിവാർ ബുദ്ധി കേന്ദ്രങ്ങളെ പറ്റി നേരിട്ട് കണ്ടു മനസിലാക്കിയതിന് ശേഷമാണ് ആനി രാജ ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണ് മണിപ്പൂരിൽ നടക്കുന്നതെന്നു വ്യക്തമാക്കിയത്.
ആനി രാജയുടെ നേതൃത്വത്തിലുള്ള ഫാക്ട് ഫൈൻഡിങ് കമ്മിറ്റി കലാപ ബാധിത മേഖലകൾ സന്ദർശിക്കുകയും കലാപത്തിന് ഇരകൾ ആയവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂരിൽ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരന്തം സമാനതകൾ ഇല്ലാത്തതാണ് എന്ന് ആനി രാജ ലോകത്തോട് വിളിച്ചു പറയുകയായിരുന്നെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കുക എന്ന സംഘപരിവാർ കുബുദ്ധിയാണ് മണിപ്പൂരിൽ ഇപ്പോൾ നടമാടുന്നത്. സത്യം വിളിച്ചു പറയുന്നവരെ രാജ്യദ്രോഹികൾ ആക്കി മാറ്റുന്ന സ്ഥിരം പരിപാടി ബിജെപി മണിപ്പൂരിലും പ്രയോഗിച്ചുവെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു. ജയിലും പോരാട്ടങ്ങളും നിരവധി തവണ കണ്ടിട്ടുള്ള കമ്മ്യുണിസ്റ്റുകളെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും വ്യക്തമാക്കി. മണിപ്പൂരിലെ ജനതത്ക്ക് വേണ്ടി കമ്മ്യുണിസ്റ്റ് പാർട്ടി ഇനിയും ശബ്ദമുയർത്തും. സഖാവ് ആനി രാജയ്ക്ക് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മോദിയുടെ കിരാത വാഴ്ചയ്ക്ക് എതിരെ എഐവൈഎഫ് തെരുവുകളിൽ സമര പരമ്പരകൾ തീർക്കുമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.