കൊച്ചി: സേവ് ഇന്ത്യ മാർച്ചിൻ്റെ ഭാഗമായി എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിപ്ലവഗാനങ്ങൾ സമര ഗീതങ്ങൾ പ്രശസ്ത സംവിധായകൻ വിനയൻ പ്രകാശനം ചെയ്തു.വർഗീയതക്കെതിരായ യുവാക്കളുടെ ഇടപെടലുകൾ സമൂഹം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് പ്രകാശനം നിർവഹിച്ചുകൊണ്ട് ശ്രീ വിനയൻ പറഞ്ഞു.
‘ചില അപ്രിയ സത്യങ്ങൾ തുറന്നു പറയുവാൻ യുവത്വത്തിന് കഴിയുന്നതെന്നും വർഗ്ഗീയതയ്ക്കും തൊഴിലില്ലായ്മക്കെതിരായി പുതിയ പോരാട്ടങ്ങളുടെ പോർമുഖം തുറക്കുവാൻ സേവ് ഇന്ത്യ മാർച്ചിലൂടെ കഴിയട്ടെ എന്നും വിനയൻ പറഞ്ഞു. വയലാർ ശരത് ചന്ദ്ര വർമ്മ, മുരുകൻ കാട്ടാകട, രാധാകൃഷ്ണൻ കുന്നുംപുറം, ജോഷി ഇടശ്ശേരി എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിനീഷ് തമ്പാനാണ്. എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ.അരുൺ,സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, ജില്ലാ പ്രസിഡൻ്റ് പി.കെ.രാജേഷ് എന്നിവർ പങ്കെടുത്തു.
15ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളുടെയും സംഗമം മെയ് 28ന് തൃശൂരിലാണ്.