സഖാവ് കാനം രാജേന്ദ്രൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. മാർക്സിസം-ലെനിനിസത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം മുഖ മുദ്രയാക്കിയ സഖാവ് കാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുല്യമായിരുന്നു. കറകളഞ്ഞ ആദർശ ശുദ്ധിയും പ്രത്യയ ശാസ്ത്ര പ്രബുദ്ധതയും കൊണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കാനം ജീവിതാന്ത്യം വരെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഇടതുപക്ഷ മൂല്യങ്ങൾ പിൻതുടരുകയും ചെയ്തു.
എ ഐ എസ് എഫിലൂടെ തന്റെ പൊതു ജീവിതത്തിന് ആരംഭം കുറിച്ച സഖാവ് 1969 ൽ പത്തൊൻപതാം വയസ്സിലാണ് എ ഐ വൈ എഫിന്റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേരളത്തിൽ വൈ എഫിന്റ സെക്രട്ടറി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സഖാവ് കാനം.കേരളത്തിന്റെ യുവജന രാഷ്ട്രീയ രംഗത്തും അവകാശ സമര പോരാട്ടങ്ങളിലും സുശക്തവും സമാനതകളില്ലാത്തതുമായ നേതൃത്വമായിരുന്നു സഖാവിന്റേത്. എഐവൈഎഫിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആയിരിക്കെ പ്രവർത്തകർക്ക് ദേശീയ തലത്തിൽ മികച്ച കേഡർമാരായി ഉയർന്നു വരുന്നതിനാവശ്യമായ ദാർശനിക അടിത്തറ പ്രദാനം ചെയ്യുന്നതിൽ സഖാവ് സൂക്ഷ്മത പുലർത്തി.

1970 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിലിലും എൻ ഇ ബാലറാം സംസ്ഥാന സെക്രട്ടറി ആയിരിക്കെ സംസ്ഥാന സെക്രട്ടറിയേറ്റിലും സഖാവ് കാനം അംഗമായി. അന്ന് കേവലം 25 വയസ്സ് ആയിരുന്നു സഖാവിന്റെ പ്രായം. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലയളവിൽ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തോടെ പാർട്ടിയെ നയിച്ച സഖാവിന് സങ്കീർണ്ണ വിഷയങ്ങൾ അസാമാന്യമായ ശേഷിയോടെ പരിഹരിക്കാനുള്ള കഴിവുണ്ടായിരുന്നു. ത്യാഗനിർഭരമായ സമരാനുഭവങ്ങളായിരുന്നു എന്നും പ്രിയ സഖാവിന്റെ ജീവിതം.മികച്ച പാർലമെന്റേറിയൻ കൂടിയായ കാനം 1982 ൽ മുപ്പത്തി രണ്ടാം വയസ്സിലാണ് വാഴൂരിൽ നിന്ന് ആദ്യമായി നിയമ സഭയിലെത്തുന്നത്.ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിലും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സഖാവ് പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

1987 ലും വാഴൂരിൽ നിന്ന് ജയിച്ച സഖാവ് നിയമ സഭ സാമാജികനായിരിക്കെ അവതരിപ്പിച്ച നിർമ്മാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായുള്ള സ്വകാര്യ ബില്ലിൻറ ചുവടുപിടിച്ചാണ് പിന്നീട് ‘നിർമ്മാണ തൊഴിലാളി നിയമം’ നിലവിൽ വരുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുതലാളി വർഗ്ഗ താല്പര്യം മുഖ മുദ്രയാക്കിക്കൊണ്ട് രാജ്യത്ത് നില നിൽക്കുന്ന ജനാധിപത്യ മൂല്യങ്ങളെയൊന്നടങ്കം കവർന്നെടുക്കുന്ന നയ സമീപനങ്ങളുമായി മുന്നോട്ട് പോവുകയാണ്. വർഗ്ഗീയത മുഖ്യ ആയുധമാക്കി പ്രവർത്തിക്കുന്ന സംഘ പരിവാർ ഇന്ത്യക്കകത്ത് വംശീയമായ അപരവത്കരണത്തിലൂടെയാണ് ശത്രുക്കളെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ കൗശലം പ്രയോഗിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ നിരാകരിച്ച് കൊണ്ട് ഏകശിലാത്മക നിയമങ്ങൾ ആവിഷ്‌കരിക്കുകയും തങ്ങളുടെ ഫാസിസ്റ്റ് ഒളിയജണ്ട സ്ഥാപിച്ചെടുക്കാൻ വേണ്ടി എതിരഭിപ്രായങ്ങളെയും ഇതര ചിന്ത ധാരകളെയും അവർ നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയിലാകമാനം ഹിന്ദുത്വ അജണ്ടക്കെതിരായ ആശയ പോരാട്ടങ്ങൾ ശക്തമാക്കേണ്ട വർത്തമാന പശ്ചാത്തലത്തിൽ അത്തരം പോരാട്ടങ്ങൾക്ക് സഖാവ് കാനം രാജേന്ദ്രന്റെ ഓർമ്മകൾ നമുക്ക് കരുത്ത് പകരും.