ആലപ്പുഴ: ചിന്തന്‍ ശിബിരം ക്യാമ്പില്‍ വെച്ച് വനിതാ നേതാവ് പീഡിപ്പിക്കപ്പെട്ടുവെന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് എഐവൈഎഫ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ വെച്ച് ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന വിഷയം ഏറെ ഗൗരവമുളളതാണ്. ഈ സംഭവം മൂടി വെയ്ക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കിയിട്ടും കേസ് ഒത്തു തീര്‍പ്പാക്കാനുളള ശ്രമത്തിലാണ് യൂത്ത് കോണ്‍ഗ്രസ്. അതിന്റെ ശ്രമമായിട്ടാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തുകയും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതിന് ശേഷമാണ് ഷാഫി പറമ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പ്രതികരിക്കില്ലായെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പത്ര സമ്മേളനം നടത്താന്‍ പോലും തയ്യാറായതെന്ന് ജിസ്‌മോന്‍ ആലപ്പുഴയില്‍ പറഞ്ഞു. സംസ്ഥാന ക്യാമ്പില്‍ വെച്ച് പോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും ഇത്തരം കേസുകള്‍ നേതൃത്വം തന്നെ ഒത്തു തീര്‍പ്പാക്കുകയും ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.