പി വി അൻവർ എം എൽ എ കേരള പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിലെ ക്രിമിനൽ വത്കരണത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യം ഇടവേളക്ക് ശേഷം വീണ്ടും ശക്തമാവുകയാണ്. ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലർ പൊലീസ് തലപ്പത്ത് സ്വൈര്യ വിഹാരം നടത്തുകയാണെന്നും ക്രമ സമാധാന പാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവര ശേഖരണ സംവിധാനത്തെ പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങൾ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മന്ത്രിമാരുടേതുമടക്കം ഫോൺ കോളുകൾ നിരന്തരമായി ചോർത്തുന്നുവെന്നും എസ് പി സുജിത്ത് ദാസ് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് വിമാനത്താവളത്തിൽ സ്വർണ്ണം കടത്തുന്നുവെന്നുമുള്ള ആരോപണം ഭരണകക്ഷിയുടെ എംഎൽഎയുടേതാണെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ പോലീസ് നയത്തിന് വിരുദ്ധമായുള്ള സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സർക്കാരിന് കളങ്കമുണ്ടാക്കുന്നതായി എഐവൈഎഫ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു. പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർദ്ധിക്കുന്നുവെന്നും പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി ചിലപ്പോഴെങ്കിലും പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും പലപ്പോഴായി സംഘടന നിലപാട് പറഞ്ഞിട്ടുണ്ട്. നിയമ പാലനം നടത്തേണ്ടവർ തന്നെ ക്രിമിനലുകൾ ആകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകുന്നുവെന്നും പൊലീസിനെ നിയന്ത്രിക്കാൻ തയ്യാറാകണമെന്നും എഐവൈഎഫ് തുറന്നു പറഞ്ഞപ്പോൾ കടന്നാക്രമിച്ചവർ ഇന്ന് പി വി അൻവറിനെ സൂപ്പർ ഹീറോ ആക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഭരണ കൂടത്തിന്റെ പൗരന്മാരുടെ മേലുള്ള മർദ്ദനോപകരണം എന്ന നിലയിൽ കുപ്രസിദ്ധി നേടിയിരുന്ന പൊലീസ് സംവിധാനത്തെ ജനാധിപത്യപരമായ അഭിലാഷങ്ങളുടെ സംരംക്ഷകരെന്ന നിലയിലേക്ക് മാറ്റിയെടുത്ത ആദ്യ സംസ്ഥാനമായിരുന്നു കേരളം. രാജ്യത്ത് തന്നെ ആദ്യമായി പൊലീസിന്റെ പുനഃസംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് ഒരു കമ്മിഷനെ നിയമിച്ചത് ഇഎംഎസിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കേരളത്തിലെ ജനകീയ ഗവൺമെന്റായിരുന്നു. എൻ സി ചാറ്റർജിയായിരുന്നു അന്നത്തെ കമ്മീഷന്റെ തലവൻ.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് തങ്ങളെന്നും മറ്റു ഭരണകൂട സംവിധാനങ്ങളെ പോലെ തന്നെ ജനങ്ങളുടെ സേവകരാണെന്നുമുള്ള മനോഭാവം പൊലീസുകാരിൽ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത് ആ സർക്കാർ നയത്തിന്റെ ഭാഗമായി തന്നെയായിരുന്നു. 1967ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് എം ഗോപാലൻ പൊലീസിന്റെ തലവനാവുകയും ജനാധിപത്യ ഭരണക്രമത്തിൽ പൊലീസ് എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച അടിസ്ഥാന തത്വങ്ങൾക്ക് ഔപചാരികമായി രൂപം നൽകുകയും ചെയ്തു.
എന്നാൽ ഭരണത്തിലും ക്രമസമാധാന പരിപാലനത്തിലും അടിച്ചമർത്തലിന്റെയും നിഷേധാത്മകതയുടെയും ജനാധിപത്യ, മൗലിക അവകാശ ധ്വംസനങ്ങളുടെയും ചരിത്രമാണ് യുഡിഎഫ് ഭരണത്തിന് പറയാനുള്ളത്. കേരളത്തിൽ രാഷ്ട്രീയ എതിരാളികളുടേയും നിരപരാധികളായ മനുഷ്യരുടേയും മേൽ ഭരണത്തിന്റെ അപ്രമാദിത്വത്തിന്റെ ബലത്തിൽ പൊലീസിനെ ഉപയോഗിച്ച് ഇന്നലെകളിൽ അവർ നടത്തിയ അടിച്ചമർത്തൽ നയങ്ങൾ നിരവധിയാണ്. ചരിത്രത്തിലാദ്യമായി ഇലക്ട്രിക് ലാത്തിയും ജലപീരങ്കിയും കണ്ണീര്‍ വാതകഷെല്ലുകളും വിദ്യാര്‍ത്ഥി സമരത്തിനു നേരെ പ്രയോഗിക്കുന്നതും വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ തന്നെ നിറയൊഴിക്കുന്നതുമടക്കം അത്യന്തം ഹീനമായ നടപടികൾ പ്രബുദ്ധ കേരളം കണ്ടത് യു ഡി എഫ് ഭരണ കാലത്തായിരുന്നു. വയനാട് മുത്തങ്ങയിൽ അന്തിയുറങ്ങാൻ ഒരു തുണ്ടു ഭൂമിക്ക് വേണ്ടി സമരം ചെയ്ത പാവപ്പെട്ട ആദിവാസി ജോഗിയുടെ ഇടനെഞ്ചിലേക്ക് നിർദ്ദയം വെടിയുതിർത്ത ഭരണ കൂട ഭീകരത ഓർത്തു പോകുന്നു. പിറന്നു വീണ നാട്ടിൽ ഒരു പിടി മണ്ണ് കിട്ടാൻ വേണ്ടി സമരം ചെയ്തതിന്റെ പേരിലായിരുന്നു നിരാലംബരായ സ്ത്രീകളെയും കുഞ്ഞുങ്ങളേയും തല്ലിച്ചതച്ച് ജീവച്ഛവമാക്കിയ പൈശാചികത അരങ്ങേറിയത്.
മുത്തങ്ങ സന്ദർശനത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് എഴുതിയ കത്തിൽ അരുന്ധതി റോയി പ്രസ്തുത സമരവും അനന്തരമുള്ള പൊലീസ് നടപടികളും ആദിവാസി സമൂഹത്തിന്നിടയിൽ സൃഷ്ടിച്ച ആഘാതത്തെ വരച്ചു കാട്ടുന്നുണ്ട്. “യൂക്കാലിതോട്ടം പൂർവ്വരീതിയിലാക്കാനുള്ള വ്യഗ്രതയിൽ കൊന്നൊടുക്ക മാത്രമല്ല, വെടിവയ്പുകളുടെ ഇടവേളയിൽ പൊലീസ് സംഘം അവിടെവച്ചു ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ‘പാരിസ്ഥിതിക സംവേദനക്ഷമത’ യേറിയ യുദ്ധഭൂമിയിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കപ്പുകളും പ്ളേറ്റുകളും ഒരു കഥ പറയുന്നുണ്ട്. രാഷ്ട്രസേവകരുടെ ഒരു നേരത്തെ ഭക്ഷണം ഒരായിരം ആദിവാസി കുടുംബങ്ങളുടെ വീടുകളും വസ്തുവകകളുമൊക്കെ ഉണ്ടാക്കിയതിനേക്കാൾ ജൈവഅപചയ സാധ്യതയില്ലാത്ത ഉച്ഛിഷ്ടങ്ങളാണ് ബാക്കിയാക്കിയത്”.
കേരളത്തിന്റെ സമഗ്ര വികസനത്തിനും മുന്നേറ്റത്തിനുമുള്ള മൂർത്തമായ അടിത്തറ സൃഷ്ടിക്കുന്നതാണ് ഇടത് പക്ഷത്തിന്റെ പൊലീസ് നയമെങ്കിൽ അടിച്ചമർത്തൽ ഭരണത്തിൽ നിന്നുമുടലെടുത്ത മാനുഷിക മൂല്യ നിരാകരണത്തിന്റെയുംസ്വേച്ഛാധിപത്യത്തിന്റെയും പ്രതിഫലനങ്ങളാണ് യു ഡി എഫിന്റേത്. എന്നാൽ ഇടത്പക്ഷ നയങ്ങൾക്ക് വിരുദ്ധമായി പൊലീസ് ക്രിമിനൽ സ്വഭാവങ്ങളിലേക്ക് വ്യതിചലിക്കുന്നതും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതും സർക്കാരിന്റെ ജനകീയ സ്വഭാവത്തിന് അപഖ്യാതി സൃഷ്ടിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ ഭരണ കാലത്ത് മുഖ്യമന്ത്രിയുടെ ഉപദേശകനായി പ്രതിഷ്ഠിച്ചത് 1991 ൽ ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ ഏകത യാത്രയുമായി ബന്ധപ്പെട്ട സുരക്ഷ വിഷയം ആരോപിച്ചു കൊണ്ട് നടത്തിയ വെടിവെപ്പിനിടെ ‘എനിക്ക് ഒരു മത വിഭാഗത്തിന്റെ രക്തം വേണമെന്ന് ‘ വയർലസിലൂടെ ആക്രോശിച്ച വിവാദ പൊലീസ് ഉദ്യോഗസ്ഥനെ ആയിരുന്നുവെന്നോർക്കണം.
ക്രിമിനലുകളുടെ താവളമാക്കി പോലീസ് സംവിധാനം ഇടത് ഭരണത്തിൽ മാറിക്കൂടാ! പൊലീസിനെതിരെയുള്ള പരാതികൾ ഗൗരവത്തോടെ കാണാനും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന പൊലീസുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണം. സ്ഥിരമായി ഗുരുതര കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന കേരള പൊലിസ് ആക്ട് സെക്ഷൻ 86 കർശനമായി നടപ്പാക്കുകയും വേണം. വിമർശനങ്ങളോടും വിയോജിപ്പുകളോടും അസ്വസ്ഥത പ്രകടിപ്പിച്ചത് കൊണ്ട് ഫലമില്ല. പൊലീസിലെ ക്രിമിനൽ വത്കരണവും അധികാര ദുർവിനിയോഗവും വഴി വിട്ട ബന്ധങ്ങളും ഇടത് സർക്കാരിന് കളങ്കം സൃഷ്ടിക്കുന്ന സാഹചര്യം ആവർത്തിക്കുമ്പോൾ എഐവൈഎഫും ഇടത് പക്ഷത്തെ സ്നേഹിക്കുന്ന മറ്റുള്ളവരും പ്രതികരിക്കുന്നത് സർക്കാറിനെ അസ്ഥിരപ്പെടുത്താനല്ല മെച്ചപ്പെടുത്താനാണെന്നറിയുക.