തിരുവല്ല: കോവിഡും, പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ തിരുവല്ല ഗവ.താലൂക്ക് ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് രൂപീകരിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം എന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി നൂറിലധികം രോഗികൾ ആശ്രയിക്കുന്ന തിരുവല്ല ഗവ. താലൂക്ക്ഹോസ്പിറ്റലിൽ നിലവിൽ ബ്ലഡ് ബാങ്ക് പ്രവർത്തിക്കാത്തത് നിർധനരായ രോഗികളെ വലയ്ക്കുന്ന പ്രശ്നമാണ്.
രക്തദാനത്തിനായി നിരവധി യുവാക്കൾ മുന്നോട്ടു വന്നിട്ടുണ്ട്. സ്വന്തമായി ബ്ലഡ് ബാങ്കുള്ള സ്വകാര്യആശുപത്രികളിൽ പോലും ആവ ശ്യത്തിന് രക്തം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ” ഒത്തൊരുമിക്കാം, രക്തദാനം മഹാദാനം ” എന്ന സന്ദേശം ഉയർത്തി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് രക്തദാനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അവബോധ കാമ്പയിനുകൾ സംഘടിപ്പിക്കാൻ എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മറ്റി തീരുമാനിച്ചു.
ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പിയുടെ അധ്യക്ഷത വഹിച്ചയോഗത്തിൽ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, ജോയിൻ സെക്രട്ടറി ലിജു വർഗീസ്, വൈസ് പ്രസിഡന്റ് ശിവപ്രസാദ് കമ്മിറ്റി അംഗങ്ങളായ ബിൻസൺ ജോർജ്, അർജുൻ എസ് , സാലു ജോൺ എന്നിവർ സംസാരിച്ചു.