തീക്ഷ്‌ണവും ഐതിഹാസികവുമായ സമരാനുഭവങ്ങളായിരുന്നു സഖാവ് വെളിയം ഭാർഗവനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ മുഖ മുദ്ര. ജീവിതാന്ത്യം വരെയും ഉന്നത കമ്മ്യൂണിസ്റ്റ് നിലവാരം പുലർത്താൻ സഖാക്കളുടെ പ്രിയപ്പെട്ട ആശാൻ നടത്തിയ സമരം മാതൃക പരമായിരുന്നു. പ്രിയ സഖാവിന്റെ ഓർമകൾക്ക് ഇന്ന് പതിനൊന്ന് വയസ്സ്. പാർട്ടിയുടെ നയസമീപനങ്ങൾ പൊതു മണ്ഡലത്തിലെത്തിക്കുന്നതിലും, അതിനു പിന്നിൽ ജനങ്ങളെ അണിനിരത്തി മഹാപ്രസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിലും അസാമാന്യമായ പാടവമായിരുന്നു സഖാവ് പ്രകടിപ്പിച്ചത്. സങ്കീർണ്ണ ഘട്ടങ്ങളിൽ ആശയ രാഷ്ട്രീയ വ്യക്തതയോടെയുള്ള സഖാവിന്റെ നിലപാടുകൾ പാർട്ടിക്കും മുന്നണിക്കും എന്നും മാർഗ്ഗ നിർദേശകമായിരുന്നു.
ലളിത ജീവിതവും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രക്കൂറും കർമ ത്വരയും മുഖ മുദ്രയാക്കിയ സഖാവ് ജനകീയ സമര വേദികളിലും രാഷ്ട്രീയ സംവാദങ്ങളിലും സൈദ്ധാന്തിക ലോകത്തും നിറഞ്ഞു നിന്ന ബഹുമുഖ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. സംസ്‌കൃതത്തിലും വേദോപനിഷത്തുക്കളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സഖാവ് തന്റെ ഹ്രസ്വ കാല സന്യാസ ജീവിതം തിരസ്കരിച്ചാണ് വിപ്ലവ വഴിയിലെത്തുന്നത്. 1957 ലും 60 ലും കേരള നിയമ സഭ അംഗമായിരുന്ന വേളയിൽ ജനങ്ങളുടെ ശബ്ദം നിയമ സഭയിൽ എത്തിക്കുന്നതിൽ സഖാവ് നടത്തിയ ഇടപെടൽ ചരിത്രത്തിൻറെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കേരളത്തിൽ സി പി ഐ യെയും ഇടത് പക്ഷ ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുന്നതിൽ നേതൃ പരമായ പങ്കാണ് സഖാവ് വഹിച്ചത്.
ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന ഫാസിസ്റ്റ് ഭീകരത ദേശീയ രാഷ്ട്രീയത്തെ മലീമസമാക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. ഭരണഘടനയെ ഹിന്ദുത്വരേഖയാക്കി അവതരിപ്പിച്ചുകൊണ്ടുള്ള ദുർവ്യാഖ്യാനങ്ങളിലൂടെ രാജ്യത്ത് ഒരു വിഭാഗം പൗരന്മാർക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് കേന്ദ്ര ഭരണ കൂടം. ന്യൂനപക്ഷങ്ങൾക്കും ദളിത്
വിഭാഗങ്ങൾക്കുമെതിരെ അഴിച്ചു വിടുന്ന തീവ്രമായ ആക്രമണങ്ങളുടെയും പ്രചാരണങ്ങളുടെയും മറവിൽ ഭൂരിപക്ഷ വർഗീയാധിപത്യത്തെ സമർത്ഥമായി വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതോടൊപ്പം മുതലാളിത്ത സാമൂഹ്യ ക്രമത്തിന്റെ നിരന്തര പ്രതിസന്ധി രാജ്യത്തെ അടിസ്ഥാന ജന വിഭാഗങ്ങൾക്കു മേൽ ജീവിത ദുരന്തങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. ശക്തമായ ബഹുജന പ്രക്ഷോഭം മാത്രമാണ് പോംവഴി. അത്തരം പോരാട്ടങ്ങൾക്ക് സഖാവ് വെളിയം ഭാർഗവന്റെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ നമുക്ക് കരുത്ത് പകരും.