എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ തെക്കൻ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം കുറിച്ചത് ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണിൽ നിന്നാണ്. വൈക്കം സത്യഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ അബ്രാഹ്മണനായ മഹാത്മാഗാന്ധിയെ മനയുടെ ഉള്ളിൽ കയറ്റാതെ പുറത്ത് ഇരുത്തിയ ഇണ്ടംത്തുരുത്തിമന ഇന്ന് എഐടിയുസി ചെത്ത് തൊഴിലാളി ഓഫീസായിരുന്നു ജാഥയുടെ ആരംഭ കേന്ദ്രം.
സവർണ മേധാവിത്വം കൊടികുത്തി വാഴ്ന്ന മന ഇപ്പോൾ വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയൻ ഓഫിസാണ്. താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന മന തൊഴിലാളികളുടെ കൈയിലെത്തിയതും കാലത്തിന്റെ കാവ്യനീതി. 1963ൽ ക്ഷയിച്ചു തുടങ്ങിയതോടെ നമ്പൂതിരി ഇല്ലം വിൽക്കാൻ തീരുമാനിച്ചു. തുടർന്നാണ് ചെത്തു തൊഴിലാളി യൂണിയൻ സമീപിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ മുതിർന്ന നേതാവും എംഎൽഎയുമായിരുന്ന സികെ വിശ്വനാഥൻ നേതൃത്വം നൽകി പണം സമാഹരിച്ച് പിന്നീട് പ്രസ്ഥാനത്തിനു വേണ്ടി മന വാങ്ങുകയായിരുന്നു.
പഴമ നിലനിർത്തി ഈ ചരിത്ര സ്മാരകം ചെത്തു തൊഴിലാളി യൂണിയൻ സംരക്ഷിച്ചുപോരുന്നു. ദ്രവിച്ചു പോയ തടിക്കൊണ്ടുള്ള നിർമിതികൾ ഉൾപ്പടെ മന അതേ രൂപത്തിൽ പുനർ നിർമിക്കാൻ ഏതാണ്ട് 42 ലക്ഷം രൂപ യൂണിയന് ചെലവായി.
അത്രമേൽ പ്രാധാന്യമർഹിക്കുന്ന ഇണ്ടംതുരുത്തിമനയിൽ നിന്നാണ് നാളെ ചരിത്ര ലിപികളിൽ സാക്ഷ്യപ്പെടുത്താൻ പോകുന്ന എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് ഇന്ന് ആരംഭിച്ചത്.കോട്ടയം ജില്ലയിലെ വൈക്കം, ഉല്ലല, കുമരകം, ഇല്ലിക്കൽ, കോട്ചയം എന്നീ പ്രദേശങ്ങളിലൂടെയാണ് സേവ് ഇന്ത്യമാർച്ചിന്റെ തെക്കൻ മേഖല ജാഥ ഇന്ന് കടന്നു പോയത്. വൈസ് ക്യാപ്റ്റൻമാരായ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ ജാഥാ ഡയറക്ടർ ആർ ജയൻ എന്നിവരാണ് ടി ടി ജിസ്മോനൊപ്പം മാർച്ചിനു നേതൃത്വം നൽകുന്നത്. ഇണ്ടംത്തുരുത്തിമനയിൽ നിന്ന് ആരംഭിച്ച മാർച്ച് വൈക്കം സത്യഗ്രഹ സ്മരകത്തിൽ എത്തി നേതാക്കൾ പുഷ്പാർച്ചനയും നടത്തിയിരുന്നു.