എഐവൈഎഫ് എന്നാൽ, ഐതിഹാസിക സമരങ്ങളുടെ നാലക്ഷര ചുരുക്ക പേരാണ്. ഇന്ത്യയുടെ ജനാധിപത്യ, അവകാശ പോരാട്ടങ്ങളുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ, അതിൽ ആൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ചോരകൊണ്ട് എഴുതിവെച്ച സമരങ്ങളുടെ ഓർമ്മകൾ കാണാം. ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം സ്മരിക്കപ്പെടുന്നതാവും 18 വയസിൽ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ സമര പോരാട്ടം. തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലിനുവേണ്ടി നടത്തിയ സമരങ്ങൾ എണ്ണമറ്റതാണ്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച പ്രക്ഷോഭങ്ങൾക്കാണ് തിരികൊളുത്തിയത്. 1979ൽ ആരംഭിച്ച് 1984 വരെ നീണ്ടുനിന്ന സമരപരമ്പരകൾ. വ്യത്യസ്തങ്ങളായ പോരാട്ടങ്ങൾ. രാജ്യം ശ്രദ്ധിച്ച യുവജനസമരമായിരുന്നു തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം.
രാസ്താരോഘോ, സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ, ആസാദി കാ ജാഗരൺ, ഹമാരാ ഭവിഷ്യ ഹമാര ഭാരത്, ദേശീയ ഐക്യ ദീപമാല, ദേശീയ ലോങ് മാർച്ചുകൾ, പഞ്ചാബിൽ വർഗീയ വിഘടനവാദികൾക്കെതിരെ പോരാടിയ ധീര ദേശാഭിമാനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന രക്ത പ്രതിജ്ഞ, ബാബറി മസ്ജിദ് -രാമജൻമഭൂമി തർക്കം രൂക്ഷമായപ്പോൾ നടന്ന സമര ചരിത്ര സംഗമം, മാനവ മൈത്രീ സംഗമം, സ്‌നേഹമതിൽ, എക്കാലത്തെയും പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ വനിതാമാർച്ച് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് രാജ്യത്ത് നേതൃത്വം നൽകിയത്.
സഖാവ് ജയപ്രകാശ് ഉൾപ്പെടെയുള്ള നിരവധി രക്തസാക്ഷിത്വങ്ങൾ. പഞ്ചാബിൽ ഖാലിസ്ഥൻ ഭീകരവാദികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച 89 എഐവൈഎഫ് സഖാക്കൾ. ദേശീയസാർവദേശീയ പ്രശ്‌നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും നിലപാടുകൾ സ്വീകരിച്ച എഐവൈഎഫ് വിയറ്റ്‌നാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ തെരുവുകളിൽ ഉയർത്തിയ മുദ്രാവാക്യമാണ് മേരാ നാം വിയറ്റ്‌നാം തേരാ നാം വിയറ്റ്‌നാം എന്നത്.
രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ എക്കാലത്തും എഐവൈഎഫ് മുന്നിൽത്തന്നെയുണ്ട്. ഐതിഹാസിക സമരങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ ഏടുകൂടി അടയാളപ്പെടുത്താൻ പോവുകയാണ്, മെയ് 15ന് ആരംഭിക്കുന്ന സേവ് ഇന്ത്യ മാർച്ചിലൂടെ. ഒരുമിച്ച് നടക്കാം വർഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി മെയ് 28വരെ എഐവൈഎഫ് കേരളമൊട്ടാകെ കാൽനട ജാഥകൾ നടത്തുന്നു. മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ നയിക്കും. 17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സംഘടിപ്പിക്കും.
ഈ നടപ്പ്, ചരിത്രത്തിൽ ഇടംപിടിക്കാൻ പോകുന്നത് വർഗീയതയെ ചെറുത്തു തോൽപ്പിക്കാനും തൊഴിൽ നേടിയെടുക്കാനും വേണ്ടിയുള്ള യുവാക്കളുടെ ഐതിഹാസിക സമരം എന്ന നിലയിലാകും എന്നതിൽ സംശയമില്ല. ഇരുണ്ട കാലത്ത്, ജനാധിപത്യത്തിന്റെ പുത്തൻ പ്രതിക്ഷകളുയർത്തി ഒരുകൂട്ടം ചെറുപ്പക്കാർ തെരുവുകളിലിറങ്ങി നടക്കുമ്പോൾ, കേരളം അവരെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.