ഒരുമിച്ച് നടക്കാം വർഗ്ഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിന്റെ പ്രചാരണ ആവേശത്തിലാണ് സഖാക്കൾ. മെയ് 15 മുതൽ 28 വരെയാണ് കാൽനടജാഥകൾ സംഘടിപ്പിക്കുന്നത്.
15ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളുടെയും സംഗമം മെയ് 28ന് തൃശൂരിലാണ്.
ജാഥകളുടെ പ്രചാരണത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ ആണ് എഐവൈഎഫ് നടത്തുന്നത്. ജില്ലാ മണ്ഡലം തലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ചു വരുന്നു. കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പ്രചാരണ ക്യാമ്പയിനുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ചുമരെഴുത്തുകളും പോസ്റ്റർ പ്രചാരണവും കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം സജീവമാണ്. സേവ് ഇന്ത്യ മാർച്ച് ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് എഐവഎഫ് പ്രവർത്തകർ.