തൃശൂർ: പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട് തേക്കിൻകാട് മൈതാനിയിൽ മാത്രമല്ല നഗരത്തിൽ തന്നെ അസാധ്യമാക്കുന്ന വിധത്തിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ 35 നിയന്ത്രണങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിലെ അഞ്ച് നിബന്ധനകൾ നടപ്പാക്കേണ്ടിവന്നാൽ പൂരത്തിന്റെ പ്രധാന ഭാഗമായ വെടിക്കെട്ട് നടത്താനാകില്ല. വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഫയർലൈനും തമ്മിലുള്ള അകലം 200 മീറ്റർ വേണമെന്നാണ് കേന്ദ്രവ്യവസായ, വാണിജ്യ മന്ത്രാലയം ഒക്ടോബർ 11 ലെ പരിഷ്കരിച്ച ജിഎസ്ആർ 633(ഇ) എൽഇ-11 ഫോം പ്രകാരം പരിഷ്കരിച്ച വിജ്ഞാപനം ഇറക്കിയത്. സ്ഥലപരിമിതിയുള്ളതിനാൽ തേക്കിൻകാട് മൈതാനത്ത് ഒരുവിധത്തിലും ഈ അകലം പാലിക്കാനാകില്ല.
ഫലത്തിൽ പൂരം വെടിക്കെട്ട് ഉപേക്ഷിക്കേണ്ട നിലയാണ്. ഉത്തരവ് നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് നടത്താനാകില്ല. ഇത് തൃശൂർ പൂരത്തെ തകർക്കാനുള്ള ഗൂഢനീക്കമാണ് സ്വരാജ് റൗണ്ടിലെ നിലവിലുള്ള സ്ഥാപനങ്ങൾ പൊളിച്ചു മാറ്റി യാൽ പോലും കാണികൾക്ക് വെടിക്കെട്ട് കാണാനോ, ആസ്വദിക്കാനോ പറ്റാത്ത സാഹചര്യമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാക്കുക. ഈ ഭേദഗതികൾ തിരുത്തേണ്ടതാണെന്നും 2008ലെ പ്രഖ്യാപനങ്ങൾക്കനുസരിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് പോകണമെന്നും എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇനി മുതൽ പൂരം പുതിയ രൂപത്തിൽ നടത്തുമെന്നായിരുന്നു എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. വെടിക്കെട്ട് തേക്കിൻകാട് നടത്താൻ അനുവദിക്കില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തു മെന്നുമായിരുന്നോ പുതിയ രൂപം എന്നതു കൊണ്ട് സുരേഷ് ഗോപി ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം എന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.