വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തി എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവാണ്. ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ദേശീയ ദുരന്തത്തിൻ്റെ മാനദണ്ഡത്തിനുള്ളിൽ വരുന്നതല്ലെന്നും അതിനാൽതന്നെ ദേശീയ ദുരന്തത്തിൻ്റെ കീഴിൽ വയനാട് ഉരുൾപൊട്ടലിനെ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നുമുള്ള പ്രഖ്യാപനം തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതികാര നടപടിയാണ്.
ദുരന്തമുണ്ടായതിന്റെ പതിനൊന്നാം ദിനം പ്രദേശം സന്ദർശിച്ച് ചൂരൽ മലയുടെ രക്ഷാപുനരധിവാസ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കേരളം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാൽ വാഗ്ദാനം നൽകി മടങ്ങിയ ശേഷം ദുരന്തബാധിതരോട് അത്യന്തം നിഷേധാത്മകമായ സമീപനമാണ് തുടർന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലേക്ക് ദുരിതാശ്വാസത്തിന്റെ പേരിൽ ഭീമമായ തുകകൾ അനുവദിക്കുമ്പോഴാണ് രാജ്യം കണ്ട അത്യന്തം ദാരുണവും ഭീകരവുമായ ദുരന്തത്തിന്റെ ഇരകളോടുള്ള കടുത്ത വിവേചനം കേന്ദ്രം തുടരുന്നത്.
ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് തുടക്കത്തിൽ കേരളത്തിന് വിഹിതം അനുവദിക്കാൻ പോലും തയ്യാറാകാതിരുന്ന കേന്ദ്രം കടുത്ത പ്രതിഷേധങ്ങളെ തുടർന്നാണ് 145.6 കോടി രൂപ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായെങ്കിലും കേരളത്തിന് അനുവദിക്കാൻ തയ്യാറായത്. ഈ തുകയിലെ 96.8 കോടി രൂപയാകട്ടെ സംസ്ഥാന വിഹിതവുമാണ്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അസമിന് 716 കോടിയും ബിഹാറിന് 655 കോടിയും നൽകിയയിടത്താണ് തുച്ഛമായ വിഹിതത്തിലൂടെ കേരളത്തോടുള്ള വിവേചനം പരസ്യപ്പെടുത്തിയത്. രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിലും കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും കേന്ദ്രത്തിന്റെ മനുഷ്യത്വ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്ഥാവിച്ചു.